ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ മൈക്കിള്‍ ഷൂമാക്കര്‍ തിരികെയെത്തുമോ? സ്‌കീയിംഗിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറിന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കി മകളുടെ ഇന്‍സ്റ്റഗ്രാം സന്ദേശം. ഫോര്‍മുല വണ്‍ ഇതിഹാസത്തിന്റെ മൂത്ത മകളായ ജീന മരിയയാണ് പിതാവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയത്. അമച്വര്‍ കുതിരയോട്ടക്കാരിയായ ജീന തന്റെ പിതാവിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശം നല്‍കിയത്. ”ജീവിതത്തില്‍ ഒരേയൊരു സന്തോഷമേയുള്ളു, സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത്” എന്നാണ് കീപ്പ് ഫൈറ്റിംഗ് എന്ന ഹാഷ്ടാഗില്‍ ജീന കുറിച്ചത്.

2007ല്‍ ഷൂമാക്കര്‍ തന്നെ പറഞ്ഞ ചില വാചകങ്ങളുടെ ചുവടുപിടിച്ച് തയ്യാറാക്കിയതാണ് ഈ വാക്കുകള്‍. ഷൂമാക്കറിന്റെ കുടുംബം നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനും ഇതെ സന്ദേശം കടമെടുത്തിട്ടുണ്ട്. ഒരു മെഡിക്കല്‍ മിറക്കിളിന് പ്രതീക്ഷിക്കുകയാണ് ഷൂമാക്കറിന്റെ കുടുംബമെന്ന് കുടുംബ സുഹൃത്ത് വെളിപ്പടുത്തിയതിന് പിന്നാലെയാണ് ഷൂമാക്കര്‍ തന്റെ പരിക്കുകളില്‍ നിന്ന് മുക്തി നേടുന്നതായ സൂചന ജീന നല്‍കുന്നത്. സ്‌കീയിംഗിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ അതിനു ശേഷം കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുകയായിരുന്ന അദ്ദേഹം അപകടത്തില്‍ പരിക്കേറ്റിട്ട് അഞ്ച് ക്രിസ്തുമസുകള്‍ കടന്നു പോയി. 2013 ഡിസംബറിലായിരുന്നു അപകടമുണ്ടായത്. പിന്നീട് 2014 ജൂണ്‍ വരെ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ കോമ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ചികിത്സ നല്‍കിയത്.

ഇതിനു ശേഷം വീട്ടില്‍ പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ചികിത്സ തുടരുകയായിരുന്നു. നിലവില്‍ 1,15,000 പൗണ്ടാണ് ഷൂമാക്കറിന് ഒരാഴ്ച ചികി നല്‍കാന്‍ വേണ്ടി മാത്രം ചെലവഴിക്കുന്നത്. 15 ഫിസിഷ്യന്‍മാരും നഴ്‌സുമാരുമാണ് അദ്ദേഹത്തിന്റെ ചികിത്സക്കായി ലേക്ക് ജനീവയിലെ വീട്ടില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിദഗ്ദ്ധ ചികിത്സ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന സൂചനയും ഈ സന്ദേശം നല്‍കുന്നു.