പൊലീസിന് പിടിവള്ളിയായി ടെയ്​ലർ ടാഗും ഫെയ്സ്ബുക്കിലെ ഒപ്പും; തിരിച്ചറിയാതെ കഷണങ്ങളായി കിടന്ന മൃതദേഹം, അഞ്ചു ദിവസം കൊണ്ട് കൊലപാതകം തെളിയിച്ചു പ്രതിയെയും പിടിച്ചു പോലീസ്

പൊലീസിന് പിടിവള്ളിയായി  ടെയ്​ലർ ടാഗും ഫെയ്സ്ബുക്കിലെ ഒപ്പും; തിരിച്ചറിയാതെ കഷണങ്ങളായി  കിടന്ന മൃതദേഹം, അഞ്ചു ദിവസം കൊണ്ട് കൊലപാതകം തെളിയിച്ചു പ്രതിയെയും പിടിച്ചു പോലീസ്
December 08 17:09 2019 Print This Article

മുംബൈയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിന് തെളിവായത് ടെയ്​ലർ ടാഗും സ്വെറ്ററും ഫെയ്സ്ബുക്ക് പ്രൊഫൈലും. സാന്താക്രൂസ് സ്വദേശി മഹിം കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിർണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ മഹിമിന്റെ 19 കാരിയായ ദത്തുപുത്രിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ രണ്ടിനാണ് മഹിമിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് ഇരുവരും ഉപേക്ഷിച്ചത്. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ടെയ്​ലർ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. തയ്യൽക്കട കണ്ടുപിടിച്ച പൊലീസ് ഉടമയായ അൻസാരിയുടെ സഹായം തേടി. നൂറോളം ബിൽബുക്കുകൾ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഷർട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷർട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു. മാത്രമല്ല, ബിൽബുക്കിൽ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിലായി പൊലീസിന്റെ അന്വേഷണം.

ബിൽബുക്കിൽ നിന്ന് ലഭിച്ച പേര് ഫെയ്സ്ബുക്കിൽ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകൾ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി. ഫോട്ടോയിൽ നിന്നും സ്യൂട്ട്കെയ്സിലേതിന് സമാനമായ ഒരു സ്വെറ്ററും കണ്ടു. ഫെയ്സ്ബുക്കിൽ അപ്​ലോഡ് ചെയ്ത പാട്ടിന്റെ ഈരടികൾക്കൊടുവിൽ പ്രൊഫൈൽ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യൽക്കാരന്റെ ബിൽബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

നവംബർ 25 നാണ് ഈ പ്രൊഫൈലിൽ നിന്നും അവസാനമായി അപ്ഡേഷൻ ഉണ്ടായത്. ഫെയ്സ്ബുക്കിൽ നൽകിയിരുന്ന ഫോൺനമ്പർ നവംബർ 25 ന് ശേഷം പ്രവർത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളിൽ നിന്ന്മേൽവിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാൾ മഹിമാണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാരും മൊഴി നൽകി.
വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഭിത്തിയിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി മഹിം കാനഡയിലേക്ക് പോയെന്ന് നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

വളർത്തച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിർത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles