ആ അവാര്‍ഡും, നമ്മുടെ മനസ്സിന്റെ സഞ്ചാരവും

ആ അവാര്‍ഡും, നമ്മുടെ മനസ്സിന്റെ സഞ്ചാരവും
May 08 05:33 2018 Print This Article

സുധീര്‍ മുഖശ്രീ

കുറച്ചു ദിവസങ്ങളായി ദേശീയ അവാര്‍ഡില്‍ ചുറ്റിപ്പറ്റിയുള്ള നമ്മുടെ മനസ്സിന്റെ സഞ്ചാരം. ഞാനും ഒന്നു കുറിക്കട്ടെ. തെറ്റെങ്കില്‍ ക്ഷമിക്കുക.

ആദരം ഏറ്റുവാങ്ങുക എന്നത് ഏതൊരു കലാകാരന്റെയും എക്കാലത്തേയും മോഹം തന്നെയാണ്. ആ ആദരം ഏറ്റവും വിശിഷ്ടനായ ഒരു വ്യക്തിയില്‍ നിന്നാവുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കം. വിശിഷ്ട വ്യക്തി അപ്രത്യക്ഷനാകുമ്പോള്‍ ഉണ്ടാകുന്ന നിരാശ സ്വാഭാവികം. നിരാശ പല രൂപത്തിലും ഭാവത്തിലും പ്രതിഫലിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല. അതൊക്കെ ഓരോരുത്തരുടേയും ചിന്താരീതികളും മനോനിലയും അനുസരിച് അവര്‍ പോലും മുന്‍കൂട്ടി നിശ്ചയിക്കാതെ സംഭവിക്കുന്നതാണ്. പക്ഷെ ഡല്‍ഹിയില്‍ അരങ്ങേറിയത് അതുതന്നെയാണോ എന്ന് ഇപ്പോള്‍ പിന്‍തിരിത്ത് നോക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. സംഘാടകരുടെ ‘പിടിപ്പുകേട്’ വളരെ വ്യക്തമാണ് ഇപ്പോള്‍. പക്ഷെ ആ പിടിപ്പുകേടില്‍ ചിലര്‍ വളരെ ആസൂത്രിതമായി നുഴഞ്ഞു കയറി അവാര്‍ഡ് ദാനചടങ്ങില്‍ രാഷട്രീയവും മതവും മനപ്പൂര്‍വം കോര്‍ത്തിണക്കി മലീമസമാക്കി എന്നതല്ലേ വസ്തുത? വരുംകാല ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഇതു തന്നെയാവും എന്നു തന്നെയാണ് എന്റെ പക്ഷം.

ഇവിടെ ആദരം നല്‍കുന്നത് രാഷ്ട്രമാണ്. രാഷ്ട്രീയവും രാഷ്ട്രീയത്തിലെ വ്യക്തികളുമല്ല, മതവുമല്ല എന്ന സത്യം ചിലര്‍ അമിതാവേശത്താല്‍ മറന്നു പോയിരിക്കുന്നു എന്നു തോന്നുന്നു. നുഴഞ്ഞു കയറ്റക്കാരുടെ കൈയില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ഈ അമിതാവേശക്കാര്‍ വെറും കളിപ്പാവകള്‍. അല്ലെങ്കിലും കലാകാരന്‍മാര്‍ ക്ഷിപ്രാവേശക്കാരാണ് എന്നൊരുപറച്ചിലുണ്ട്. അന്ധത പെട്ടെന്നവരെ ബാധിക്കുമത്രേ.

ഇനി നമ്മുടെ ദാസേട്ടന്റെ ‘സെല്‍ഫി’. സെലിബ്രിറ്റീസിനോടൊപ്പം ഒരു ഫോട്ടോയെടുക്കുന്നത് ലോകത്തില്‍ സര്‍വസാധാരണമാണ്. ഒരു സെലിബ്രിറ്റിയും അതില്‍നിന്ന് പിന്‍തിരിഞ്ഞ് നില്‍ക്കാറില്ല. അടുത്ത കാലം വരെ നമ്മുടെ നാട്ടിലും ഇതു തന്നെയായിരുന്നു സ്ഥിതി. പക്ഷെ ഇടക്കാലത്തുവെച്ച് പല സെലിബ്രിറ്റിസി നോടൊപ്പവും അവരറിയാതെപോലും തോളില്‍ കൈയിട്ട് ഇളിച്ചു കൊണ്ടു നില്‍ക്കുന്ന ചില സാമുഹ്യ വിരുദ്ധരുടേയും കുറ്റവാളികളുടേയും ചിത്രങ്ങള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഈ സെലിബ്രിറ്റികള്‍ക്കെതിരായിത്തന്നെ ‘വേണ്ട വിധം’ ഉപയോഗിക്കുന്നതും നാം കണ്ടു. ആര്‍ക്കാണ് തെറ്റുപറ്റിയത് സുഹൃത്തുക്കളെ …?

എനിക്കിപ്പോള്‍ പൗലോ കൊയ്ലോയുടെ ‘ചില ജാലകക്കാഴ്ചകള്‍’ എന്ന കഥയാണോര്‍മവരുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും. തൊട്ടയല്‍പക്കത്തെ ഒരു സ്ത്രീ വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടുന്നത് തന്റെ വിട്ടിലെ ജനല്‍ ചില്ലുകളിലൂടെ നോക്കിക്കാണുന്ന ഭാര്യ ദിവസേന പറയും ‘ ദാ, കണ്ടില്ലേ, അവര്‍ കഴുകിയിടുന്ന വസ്ത്രങ്ങള്‍ മുഴുക്കെ അഴുക്കാണ്. ഒന്നും വൃത്തിയാവുന്നില്ല. ഭര്‍ത്താവ് പ്രതികരിക്കാറില്ല. ഒരു ദിവസം പതിവിന് വിരുദ്ധമായി അവര്‍ പറഞ്ഞു ‘എത്ര ഭംഗിയായാണ് ഇന്ന് അവര്‍ വസ്ത്രങ്ങളൊക്കെകഴുകിയിട്ടിരിക്കുന്നത്?’ ഭര്‍ത്താവ് പ്രതികരിച്ചു ‘ഞാന്‍ നമ്മുടെ ജനാലച്ചില്ലുകള്‍ വൃത്തിയാക്കി’

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles