ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇംഗ്ലണ്ടിലെ ആശുപത്രികളുടെ പ്രവർത്തനം പുറകോട്ടെന്നു കണക്കുകൾ. ആശുപത്രിയുടെ പ്രകടനം, സേവനം എന്നിവയിൽ രാജ്യത്തെ ആശുപത്രികൾ ഏറ്റവും മോശപ്പെട്ട നിലയിലാണെന്നാണ് കണക്കുകൾ വെളിവാക്കുന്നത്. എല്ലാ വർഷവും സാമൂഹികാരോഗ്യത്തിനായി ലക്ഷങ്ങൾ ചിലവാക്കുന്നുണ്ട്. എന്നാൽ ഇത് പൊതുജനാരോഗ്യ പുരോഗതിക്ക് ഉതകുന്ന രീതിയിലല്ല. ആനുവൽ ഹെൽത്ത്‌ കെയർ ഇൻഡക്സ് പ്രകാരം യുകെ മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. മുമ്പ് ഇത് 21 ആയിരുന്നു. ഇപ്പോൾ ഹോങ്കോങും സിംഗപ്പൂരും യുകെയ്ക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിൽ എൻ എച്ച് എസ് ഒരു പ്രധാന വിഷയം ആയി മാറിക്കഴിഞ്ഞു.

എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ ശരാശരിക്കും താഴെയാണ്. യുകെയിൽ അർബുദം, ഹൃദ്രോഗ മരണങ്ങൾ വളരെ കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം രോഗികളിൽ രോഗനിർണയം നടത്താൻ താമസിക്കുന്നു എന്നതാണ്. ധനസഹായവും കുറഞ്ഞതോടെ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ താറുമാറായി. സാധ്യതയുള്ളവരുടെ ലിസ്റ്റിൽ 4.42 ദശലക്ഷം രോഗികളാണ് ഉള്ളത്. രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ ആശുപത്രികൾക്ക് കഴിയുന്നില്ല. പ്രകടന കണക്കുകൾ വെറുപ്പുളവാക്കുന്നതാണെന്നും ഉദ്യോഗസ്ഥരുടെയും ധനസഹായത്തിന്റെയും അഭാവമാണ് ഇതിന് കാരണമെന്നും ലേബർ പാർട്ടി നേതാവ് കോർബിൻ പറഞ്ഞു. ടോറികൾക്ക് ഇക്കാര്യത്തിൽ ലജ്ജാകരമായ റെക്കോർഡ് ആണുള്ളതെന്ന് ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ലൂസിയാന ബെർഗർ അഭിപ്രായപ്പെട്ടു. സാമൂഹ്യ പരിപാലനം, മാനസികാരോഗ്യം, പൊതുജനാരോഗ്യം എന്നിവയിൽ അധിക നിക്ഷേപം നടത്തുന്നതിനായി ആദായനികുതിയിൽ ഒരു രൂപ വർധിപ്പിക്കാൻ ലിബ് ഡെംസ് നിർദ്ദേശിക്കുന്നു.

ഫ്രാൻസെസ് റീഡ് എന്ന സ്ത്രീയ്ക്ക് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ മാസങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. 2018 ഏപ്രിലിൽ നടക്കേണ്ടത് ജൂലൈ വരെ നീട്ടിവെച്ചു. ഇതുമൂലം വളരെ അധികം ബുദ്ധിമുട്ടാണ് താൻ അനുഭവിച്ചതെന്ന് റീഡ് വ്യക്തമാക്കി. ശരത്കാലം വരുന്നതോടെ രോഗങ്ങളും വർധിക്കും. അതുമൂലം പുതിയ കിടക്കകളും ആവശ്യമായി വരും. നിലവിലെ സർക്കാർ ഇതിൽ എന്ത് നപടികൾ കൈക്കൊള്ളുമെന്ന് കാണേണ്ടിയിരിക്കുന്നു. എൻ എച്ച് എസിന് കൂടുതൽ ധനസഹായം നൽകാനായി ശക്തമായ ഒരു സമ്പദ് വ്യവസ്ഥ ആവശ്യമാണ്. അത് സൃഷ്ടിക്കാൻ ടോറികൾക്കെ കഴിയൂ എന്ന് പ്രധാനമന്ത്രി ജോൺസൻ പറഞ്ഞു. എന്നാൽ ടോറി സർക്കാരിന്റെ കീഴിൽ എൻ എച്ച് എസ് ഒരു ദുരിതത്തിലേക്കാണ് പോകുന്നതെന്ന് ലേബർ ഷാഡോ ഹെൽത്ത്‌ സെക്രട്ടറി ജോനാഥാൻ അഷ്‌വർത്ത് പറഞ്ഞു.