വിന്റര്‍ വൊമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോ വൈറസ് ബ്രിട്ടനില്‍ പടരുന്നു. ഹീറ്റ് വേവിനിടയിലും ഈ വൈറസ് ബാധ രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തോളം നീളുന്ന വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗ ലക്ഷണങ്ങള്‍. ഡെവണ്‍, കോണ്‍വാള്‍, ഗ്ലോസ്റ്റര്‍ഷയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം പടരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജിപിയെ കാണാന്‍ ശ്രമിക്കരുതെന്നാണ് ഏറ്റവും പ്രധാന നിര്‍ദേശം. മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ ഇത് കാരണമായേക്കും. ജിപിയെയോ എന്‍എച്ച്എസ് 111ലേക്കോ വിളിച്ച് ഉപദേശം തേടണമെന്ന് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു. പെട്ടെന്ന് അസ്വസ്ഥതയുണ്ടാകുക, ഛര്‍ദ്ദിക്കുക, വയറിളകുക എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് ചെറിയ പനി, തലവേദന, വയറുവേദന, കൈകാലുകളില്‍ വേദന എന്നിവയും കാണപ്പെടുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ടു മുതല്‍ മൂന്നു ദിവസം വരെ രോഗം നീണ്ടുനില്‍ക്കുകയും ചെയ്യും.

നോറോ വൈറസ് ബാധിച്ചതായി സംശയം തോന്നിയാല്‍ വീട്ടില്‍ തന്നെ വിശ്രമിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഈ രോഗത്തിന് നിലവില്‍ മരുന്നുകള്‍ ഒന്നും തന്നെയില്ല. തനിയെ ഭേദമാകുന്നതു വരെ കാത്തിരിക്കുക മാത്രമേ രോഗിക്ക് ചെയ്യാനുള്ളു. മറ്റ് അസ്വസ്ഥതകള്‍ക്ക് മാത്രമേ മരുന്നുകള്‍ ആവശ്യമായി വരാറുള്ളു. ഡീ ഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ ഏറെ വെള്ളം കുടിക്കുക, ജ്യൂസുകള്‍, സൂപ്പുകള്‍ എന്നിവ കഴിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകളും ഫ്രൂട്ട് ജ്യൂസുകളും കുട്ടികള്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കണം. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക അത് തുടര്‍ന്നും നല്‍കണം. വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ പറയുന്നു.