ഉത്തരകൊറിയ അണ്വായുധം പരീക്ഷിക്കുമെന്ന ഭീതി മറികടക്കാൻ കൊറിയൻ തീരത്ത് രഹസ്യ നിരീക്ഷണം നടത്തുകയാണ് യുഎസ്എസ് മിഷിഗൺ. അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക മുങ്ങിക്കപ്പലാണിത്. മിഷിഗൺ ഉടനെ വിമാനവാഹിനി കപ്പൽ കാൾവിൻസനൊപ്പം ചേരുമെന്നാണ് യുഎസ് നേവി അറിയിച്ചിട്ടുള്ളത്.                                                                                                                                                                                                    യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ കൊറിയൻ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് കിം ജോങ് ഉൻ തെളിയിക്കുകയായിരുന്നു പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസത്തിലൂടെ. യുദ്ധഭീതി നിലനിർത്തി യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്.

95492129

അമേരിക്കയ്ക്ക് ഇത്രയധികം വിശ്വാസമർപ്പിക്കാൻ മിഷിഗണിൽ എന്താണുള്ളത് ?

യുഎസ് നേവിയുടെ കൈവശമുള്ള വജ്രായുധമാണ് മിഷിഗൺ മുങ്ങിക്കപ്പൽ. ഒഹിയോ ക്ലാസ് അന്തർവാഹിനിയായ മിഷിഗൺ ആണവോർജത്തിലാണ് പ്രവ‍ർത്തിക്കുന്നത്. സൂചിമുനയുടെ കൃത്യതയിൽ അതിമാരകമായി പ്രഹരിക്കാൻ ശേഷിയുള്ള ടോമഹാക് മിസൈലുകളാണ് മിഷിഗണിലെ പ്രധാന ആയുധം. 560 അടി നീളമുള്ള ഈ ബ്രഹ്മാണ്ഡ മുങ്ങിക്കപ്പലിന്റെ ഭാരം 18,000 ടൺ. പടിഞ്ഞാറൻ പസഫികിലാണ് കൂടുതൽ നേരവും. 1980ൽ നിർമാണം പൂർത്തിയായി. രണ്ടു വർഷത്തിനു ശേഷമാണ് കമ്മിഷൻ ചെയ്തത്. മൂന്നാം തലമുറയിലുള്ളതും അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്നതുമായ ട്രിഡന്റ് സി–4 എന്ന ഭൂഖണ്ഡാന്തര മിസൈലിനു വേണ്ടിയായിരുന്നു മിഷിഗണിന്റെ ജനനം. രണ്ടു പതിറ്റാണ്ടായി സൈനിക സേവനത്തിലുള്ള മിഷിഗൺ ഇതുവരെ 60 മിഷനുകളിൽ പങ്കെടുത്തു. ശീതയുദ്ധത്തിന്റെ കനലുകൾ കെട്ടടങ്ങിയതോടെ ഡീകമ്മിഷൻ ചെയ്യാൻ തീരുമാനിച്ചെങ്കിലും ഒഴിവാക്കി. കൂടപ്പിറപ്പുകൾ രൂപം മാറിയപ്പോഴും ഗമയും വീര്യവും വിടാതെ മിഷിഗൺ നിലകൊണ്ടു. കടലിൽ 800 അടി താഴ്ചയിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ ( 37 കിലോമീറ്റർ) ആണ് വേഗത. ഏഴു വീതം ടോമഹാക് മിസൈലുകൾ സൂക്ഷിച്ചിട്ടുള്ള 22 രഹസ്യ ട്യൂബുകൾ. അതിഭയാനക ശേഷിയുള്ള 154 മിസൈലുകളുമായാണ് മിഷിഗൻ കടലിനടിയിലൂടെ രഹസ്യസഞ്ചാരം നടത്തുന്നതെന്നു ചുരുക്കം.

uss-michigan-1
∙ സ്ത്രീകളുടെ അന്ത‍‍ർവാഹിനി

ഒരു പ്രാവശ്യം കടലാഴങ്ങളിലേക്ക് മുങ്ങിയാൽ 60 ദിവസത്തോളം ആകാശം കാണാതെ ഒഴുകിനീങ്ങാനാകും. അത്രയും ദിവസത്തേക്കുള്ള ആഹാരം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നാവികർക്ക് ഒരുക്കിയിട്ടുണ്ട്. രണ്ടു തരം ക്രൂ കപ്പലിലുണ്ട്. രണ്ടു വീതം ക്യാപ്റ്റൻമാരും. 15 ഓഫീസർമാർ അടക്കം 155 പേരാണ് കപ്പലിലുള്ളത്. യുദ്ധശേഷിയ്ക്കുള്ള ബാറ്റിൽ എഫിഷ്യൻസി അവാർഡ് തുടർച്ചയായി രണ്ടുവർഷം കരസ്ഥമാക്കി. 2010ൽ ബ്ലൂ ക്രൂവും 2011ൽ ഗോൾഡ് ക്രൂവുമാണ് അവാർഡ് നേടിയത്. വനിതാസേനയുടെ സാന്നിധ്യമുള്ള ആദ്യ യുഎസ് മുങ്ങിക്കപ്പലാണെന്ന പ്രത്യേകതയുമുണ്ട്. 2016ലാണ് നാലു വനിതകളെ മിഷിഗണിലേക്ക് റിക്രൂട്ട് ചെയ്തത്. 2011ൽ ലിബിയയിൽ നടന്ന ഓപ്പറേഷൻ ഒഡീസി ഡൗണിൽ ടോമഹാക് മിസൈലുകൾ വിക്ഷേപിച്ചത് മിഷിഗണിൽ നിന്നാണ്.
നൂറ്റമ്പതോളം ടോമഹാക് മിസൈലുകളെ രഹസ്യമായി വഹിക്കുന്നതിനാലാണ് മിഷിഗൺ അമേരിക്കയ്ക്ക് പ്രിയപ്പെട്ടതാകുന്നത്. ഇന്നുള്ളതിൽ വച്ചേറ്റവും പ്രഹരശേഷിയുള്ള അത്യാധുനിക മിസൈൽ. മണിക്കൂറുകളോളം അന്തരീക്ഷത്തിൽ കറങ്ങാനാവും. ശത്രുപാളയത്തിന്റെ മികച്ചചിത്രങ്ങൾ എടുക്കാമെന്നതും പ്രത്യേകത. പകുതി ദൂരമെത്തിയാലും കൺട്രോൾ റൂമിൽ നിന്നു നിയന്ത്രിച്ച് സൂചിമുനയുടെ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് ഇടിച്ചുകയറ്റാനാകും. കപ്പലിൽ നിന്നും മുങ്ങിക്കപ്പലിൽ നിന്നും വിക്ഷേപിക്കാം. 1000 മൈൽ ദൂരെ വരെ സൂക്ഷ്മതയോടെ കൃത്യം നടപ്പാക്കാം. നാവികർക്ക് സുരക്ഷിത അകലം പാലിച്ചു പ്രഹരിക്കാമെന്നതാണ് ഇതിന്റെ മെച്ചം. ജിപിഎസ് സംവിധാനവുമുണ്ട്. ഇതുവരെ രണ്ടായിരത്തിലധികം ടോമഹാക് മിസൈലുകൾ യുഎസ് സേനകൾ ഉപയോഗിച്ചിട്ടുണ്ട്. ഏപ്രിലിൽ 59 മിസൈലുകൾ ഒരുമിച്ച് സിറിയൻ എയർ ബേസിൽ പ്രയോഗിച്ചതും 2014ൽ സിറിയയിൽ ഐഎസ് താവളത്തിനു നേരെ 47 ടോമഹാക് പ്രയോഗിച്ചതും വലിയ വാർത്തയായി.

പീരങ്കിപ്പടയുടെ ‘ആക്രമണ ദൃശ്യങ്ങൾ’ …….

north-korea-artillery-drill-3

 

north-korea-artillery-drill-5

 

north-korea-artillery-drill-2

 

north-korea-artillery-drill-4

ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണു സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധ പരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.
എന്നാൽ, വിഷയത്തിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്താമെന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുടെ പങ്കാളികളിൽ പ്രധാനിയാണ് ചൈന. പ്രശ്ന പരിഹാരത്തിന് ചൈന ഇടപെടണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു. ചൈനയ്ക്കു വലിയ പ്രധാന്യമുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.