ലണ്ടന്‍: കഴിഞ്ഞ 35 വര്‍ഷങ്ങളായി ഡേവിഡ് ബെയിലി നഴ്‌സായി ജോലി ചെയ്തു വരികയാണ്. ശസ്ത്രക്രിയാ വാര്‍ഡുകളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും തന്റെ സേവനം ജനങ്ങള്‍ക്ക് വേണ്ടി നല്‍കി. പക്ഷേ ഇപ്പോള്‍ ഡേവിഡ് ഒരു കാന്‍സര്‍ രോഗിയാണ്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ പ്രവചിച്ചിരിക്കുന്ന ആയുസ്. കീമോതെറാപ്പിയുടെ അവശതകള്‍ക്കിടയിലും ഡേവിഡ് ഇപ്പോള്‍ മറ്റൊരു ഉദ്യമത്തിലാണ്. ടോറികള്‍ എന്‍എച്ച്എസിനെ ഇല്ലാതാക്കുന്നതിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ശേഷിക്കുന്ന ആയുസ് വിനിയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്‍എച്ച്എസിനെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളുകളിലൊരാളായി അദ്ദേഹവും ശനിയാഴ്ച തെരുവിലിറങ്ങി. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, എന്‍എച്ച്എസിനെ സംരക്ഷിച്ചേ മതിയാകൂ മുന്നു കുട്ടികളുടെ പിതാവ് കൂടിയായ ഡേവിഡ് പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കണം. എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുക വഴി പൊതു ആരോഗ്യമേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നത് അദ്ദേഹം പറയുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനാണ് ഡേവിഡ്. കാന്‍സറിനുള്ള ചികിത്സയ്ക്കിടയിലും ഡേവിഡ് ജോലിയെടുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് തനിക്ക് അന്നനാളത്തില്‍ കാന്‍സറാണ് എന്ന് തിരിച്ചറിഞ്ഞത്, ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്ന സമയം. പക്ഷേ കാര്യ ഗൗരവത്തോടെയാണ് അസുഖത്തെ സമീപിക്കുന്നത്. ഒരു മൂലയ്ക്കിരുന്ന് വിധിയെ പഴിക്കുകയല്ല ഈ സമയങ്ങളില്‍ ഞാന്‍ ചെയ്യുന്നത് ഡേവിഡ് പറഞ്ഞു. ജീവിതം എനിക്കു വേണ്ടി മാറ്റിവെച്ചതിനേക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.

എന്‍ എച്ച് എസിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം ചെയ്യേണ്ടതുണ്ട്. എന്‍എച്ച്എസുകളിലെ പരിചരണ രീതി ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അത്രയും മനോഹരമായിട്ടാണ് അവര്‍ രോഗികളെ പരിചരിക്കുന്നത്. എന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും അത്തരം പരിചരണ രീതി തന്നെ ലഭിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് ഡേവിഡ് പറയുന്നു. സര്‍ക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറയുന്നു. 20 വര്‍ഷത്തെ നഴ്‌സിംഗ് ജീവിതത്തിനിടയ്ക്ക് എന്‍എച്ചഎസില്‍ ഉണ്ടായിട്ടുള്ള നിരവധി മാറ്റങ്ങള്‍ക്ക് ഡേവിഡ് സാക്ഷിയാണ് പക്ഷേ ഇത്രയധികം പ്രതികൂല മാറ്റങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.