ലണ്ടന്‍: എന്‍.എച്ച്.എസ് ജീവനക്കാര്‍ വംശീയാധിക്ഷേപങ്ങള്‍ ഇരകളാകേണ്ടി വരുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. പ്രൊഫസര്‍ ഡന്‍കാന്‍ ലൂയിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് 1500 ഓളം എന്‍.എച്ച്.എസ് ജീവനക്കാരില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും വംശീയാധിക്ഷേപത്തിനും മാനസിക പീഢനത്തിനും ഇരയായതായി വ്യക്തമാകുന്നു. യു.കെയുടെ പൊതു ആരോഗ്യ രംഗത്ത് നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്ന് പ്രൊഫ. ലൂയീസ് വ്യക്തമാക്കുന്നു. ഇത്തരം പ്രവണതകള്‍ എന്ത് വിലകൊടുത്തും തടയണം. ആശുപത്രികളില്‍ മാനസിക പീഡനം അനുഭവിക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണെന്ന് ലൂയിസ് പറയുന്നു

ജീവനക്കാരുടെ ഇടയില്‍ ഇത്തരം പ്രവൃത്തികള്‍ വര്‍ധിച്ചു വരുന്നത് ആശങ്കജനകമാണെന്നും ലൂയിസ് ചൂണ്ടിക്കാണിച്ചു. സമീപകാലത്ത് മാനസിക പീഡന സഹിക്ക വയ്യാതെ ആത്മഹത്യ ശ്രമങ്ങള്‍ വരെയുണ്ടായതായി റിപ്പോര്‍ട്ടില്‍ പ്രൊഫ. ലൂയിസ് പറയുന്നു. പോര്‍ട്‌സ്മൗത്തിലെ ക്വീന്‍ അലക്‌സാണ്ടര്‍ ഹോസ്പിറ്റല്‍ ജീവനക്കാരനാണ് തനിക്ക് നേരിട്ട അപമാനത്തില്‍ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു ശ്രമം നടത്തിയത്. എന്നാല്‍ അശുഭകരമായി ഒന്നും സംഭവിക്കാതെ ജീവനക്കാരന്‍ രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വംശീയ അധിക്ഷേപത്തിലേക്കും ഭീഷണിയിലേക്കും വഴിമാറുന്നത്. ഇത് പിന്നീട് വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന രീതിയിലേക്ക് ആശുപത്രിയിലെ ജോലി മാറുന്നത് ഭൂരിഭാഗം ജീവനക്കാരെയും ആശങ്കയിലാഴ്ത്തുകയാണ്. ജോലി ഉപേക്ഷിച്ച് പോകാന്‍ ചിലരെ ഇത് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇത്തരം വംശീയവും മാനസികവുമായി അധിക്ഷേപങ്ങളോട് പെരുത്തപ്പെട്ട് പോകുന്നതായും ചിലര്‍ പ്രതികരിച്ചു. സ്ഥിര സംഭവങ്ങളായി ഇവ മാറിയെന്നും മാനസിക ബുദ്ധിമുട്ടുകള്‍ സ്ഥിരിത കൈവരിച്ചെന്നുമായിരുന്നു ചിലരുടെ പ്രതികരണം. ഇവ നേരിടാനായി 15 നിര്‍ദേശങ്ങള്‍ പ്രൊഫ. ലൂയിസ് സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിസം, ഫാവറേറ്റിസം തുടങ്ങിയവ ഇല്ലാതാക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.