25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി ആഘോഷിക്കാൻതന്നെ അമേരിക്കക്കാരനായ കർട് കൊച്റനും മെലിസയും തീരുമാനിച്ചു. ഒരാഴ്ചയോളം നീളുന്ന ആഘോഷം. ഇതിൽ ഏറ്റവും പ്രധാനം ലണ്ടൻ സന്ദർശനം. ആഘോഷത്തിന്റെ അവധി ദിനങ്ങൾ അവസാനത്തിലേക്കടുക്കുമ്പോൾ ഒരിക്കൽപ്പോലും അവർ ഓർത്തിട്ടുണ്ടാകില്ല തങ്ങൾ എന്നേയ്ക്കുമായി പിരിയാൻ പോവുകയാണെന്ന്.
ലണ്ടനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർട് കൊച്റൻ എന്നയാളുടെ കഥ ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുന്നു. മെലിസയുടെ മാതാപിതാക്കൾ ലണ്ടനിലാണ്. അവിടുത്തെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിൽ ജോലി ചെയ്യുകയാണ് അവർ. ലണ്ടൻ സന്ദർശനത്തിന്റെ മുഖ്യ ഉദ്ദേശ്യവും ഇവരെ കാണുകയെന്നതായിരുന്നു. സന്ദർശന ശേഷം വ്യാഴാഴ്ച തിരിച്ചു പോകാനിരിക്കുകയായിരുന്നു ഇരുവരും.

നഗരത്തിന്റെ വിവിധ സ്ഥലങ്ങൾ കണ്ട ഇവർ പാർലമെന്റിനു സമീപമുള്ള വെസ്റ്റ്മിനിസ്റ്റർ പാലത്തിലും ഇവർ നടക്കാൻ പോയി. പാലത്തിലൂടെ നടക്കുന്നതിനിടെയാണ് അക്രമി സഞ്ചരിച്ച എസ്‌യുവി അതിവേഗം പാഞ്ഞ് കർട്ടിനെയും മെലിസയേയും ഇടിച്ചു തെറിപ്പിച്ചത്. കർട്ട് സംഭവസ്ഥലത്ത് മരിച്ചു. മെലിസ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നു. കർടിന്റെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഗാധ ദുഃഖം രേഖപ്പെടുത്തി.

Image result for our-family-is-heartbroken-american-killed-in-london-attack-was-celebrating-wedding-anniversary.

മെസിലയുടെ കാലിനും നട്ടെല്ലിനും തലയ്ക്കുമാണു ഗുരുതര പരുക്ക്. പത്തു വർഷമായി സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ നടത്തുകയായിരുന്നു ഈ ദമ്പതികൾ.

ബുധനാഴ്ചയാണ് ലണ്ടൻ പാർലമെന്റിനു സമീപം ഭീകരാക്രമണമുണ്ടായത്. ബ്രിട്ടിഷ് പാർലമെന്റിനു സമീപത്തെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനടുത്തുള്ള പാലം കടക്കുകയായിരുന്ന ആളുകളെ ഇടിച്ചു തെറിപ്പിച്ചാണ് ഖാലിദ് മസൂദ് എന്ന കൊലയാളി വാഹനം ആക്രമണം നടത്തിയത്. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ചു പാർലമെന്റ് ഗേറ്റിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ കത്തി കൊണ്ടുക കുത്തി. പൊലീസ് ഇയാളെ വെടിവച്ചു വീഴ്ത്തി.

സംഭവത്തിൽ പരുക്കേറ്റ് 29 പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്.