യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം !!! കൂട്ടുകാർ പോയതറിയാതെ അവർ യാത്ര തുടർന്നു; ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി, അനുജൻ യാത്രയായി….

യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം !!! കൂട്ടുകാർ പോയതറിയാതെ അവർ യാത്ര തുടർന്നു; ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി, അനുജൻ യാത്രയായി….
July 20 07:55 2018 Print This Article

ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയവും ഏലപ്പാറയും ഇന്നലെ ഉറങ്ങിയിട്ടില്ല. സന്തോഷം നിറഞ്ഞുനിന്ന വൈകുന്നേരം ആകാംക്ഷ നിറഞ്ഞ രാത്രിയിലേക്കും കൂട്ടക്കരച്ചിലിന്റെ പുലരിയിലേക്കും ചെന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മൂന്നു യുവാക്കൾക്ക് ഒരുമിച്ചു വിദേശത്തു ജോലി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ജിബിൻ, തോമസ് മൈക്കിൾ, വിഷ്ണു എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചു വാഹനങ്ങളിൽ പുറപ്പെട്ടത്.

തോമസും വിഷ്ണുവും കുടുംബാംഗങ്ങൾക്കൊപ്പം ആദ്യം പുറപ്പെട്ട രണ്ടു വാഹനങ്ങളിലായി പോയി. ജിബിൻ, സഹോദരൻ ജെറിനും മറ്റ് അഞ്ചു സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും അവസാനത്തെ വാഹനത്തിലും. രണ്ടു മണിയോടെയാണു വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ആദ്യം പുറപ്പെട്ട വാഹനങ്ങൾ കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ജിബിൻ എത്താത്തത് എന്താണെന്ന് അന്വേഷിക്കുന്നതിനിടെ ചെറിയൊരു അപകടമുണ്ടായെന്നും ജിബിന് എത്താൻ കഴിയില്ലെന്നും വിമാനത്താവളത്തിലെ ബന്ധുക്കൾക്കു ഫോൺ സന്ദേശമെത്തി.

അങ്ങനെ തോമസും വിഷ്ണുവും പ്രിയ സുഹൃത്തുക്കൾക്ക് സംഭവിച്ചതറിയാതെ ഒമാനിലേക്കു യാത്രയായി. ‘ആദ്യം പുറപ്പെട്ട വാഹനത്തിലാണ് മകൻ തോമസ് മൈക്കിളും ഞാനും ബന്ധുക്കളുമുൾപ്പെടെ 12 പേർ ഉണ്ടായിരുന്നത്. ഞങ്ങൾ നെടുമ്പാശേരിയിലെത്തി ജിബിനെ കാത്തുനിൽക്കുമ്പോഴാണ് ചെറിയൊരു അപകടമുണ്ടായതായി ഫോൺവിളിയെത്തിയത്. അങ്ങനെ തോമസും വിഷ്ണുവും പോകാൻ തീരുമാനിക്കുകയായിരുന്നു. അവരെ അയച്ച ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്നു മനസ്സിലായത്’– തോമസ് മൈക്കിളിന്റെ മാതാവ് ഡെയ്സി പറഞ്ഞു.

ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി: അനുജൻ യാത്രയായി….

ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ വീട്ടിൽ യേശുദാസ് (യേസൻ), ഭാര്യ ക്രിസ്റ്റീന എന്നിവർ ബന്ധുക്കൾക്കൊപ്പം ഒരു വാഹനത്തിലും, വിദേശത്തേക്കു പോകേണ്ട മൂത്ത മകൻ ജിബിനും അനുജൻ ജെറിനും സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു വാഹനത്തിലുമായിരുന്നു. പാതിവഴിയിൽ മുടങ്ങിയ യാത്രകഴി‍ഞ്ഞു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ജെറിൻ ഇനിയില്ല. പണിതീരാത്ത കൊച്ചുവീടിനുള്ളിലെ കസേരയിൽ യേശുദാസും തൊട്ടരികിൽ താഴെ വിരിച്ച പായയിൽ ഭാര്യ ക്രിസ്റ്റീനയും കരഞ്ഞു തളർന്ന് ഇരുന്നു. രാവിലെ മുതൽ വീട്ടിലേക്കെത്തിയ ബന്ധുക്കൾക്കും അയൽവാസികൾക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

ഏതു വാക്കുകൾക്കാകും ഇവരെ ആശ്വസിപ്പിക്കാൻ

യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം. ലയത്തിലെ ഒറ്റ മുറി വീട്ടിൽ തിങ്ങിനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ണിയുടെ മുത്തശ്ശി മേരിയെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു. ലയത്തിലെ ആരുടെയും എന്താവശ്യത്തിനും ആദ്യം ഓടിയെത്തുമായിരുന്നു ഉണ്ണി. സുഹൃത്തുക്കളെ യാത്രയാക്കാൻ രാത്രിയിൽ ഇങ്ങനെ ഓടിയിറങ്ങിയതാണ്. ‘എന്നും വഴക്കുമാത്രമല്ലേ പറഞ്ഞിട്ടുള്ളു ഞാൻ’ എന്ന് പറഞ്ഞുള്ള മുത്തശ്ശിയുടെ കരച്ചിലിൽ ഇനി നല്ലതുപറയാനും അവൻ ഇല്ലെന്ന സങ്കടം തുളുമ്പി. ഹിരണിന്റെ വീട്ടിലും കണ്ണീർ തോർന്നിട്ടില്ല. ചെമ്മണ്ണിലെ ടീ എസ്റ്റേറ്റ് ലയത്തിൽ നിന്നു മാറി കുടുംബം സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്ത് വീടു വച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഒമാനിൽ ജോലി കിട്ടി അമ്മ സുധ അവിടേക്കു പോയി. മൂത്ത മകൻ സുജിത്തും ചെറിയൊരു ജോലിയുമായി ഒമാനിലാണ്. എന്നാൽ കൊച്ചു വീടിന്റെ പണി പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.

എസി മെക്കാനിക് ജോലി പഠിച്ച ഹിരൺ എങ്ങനെയും നല്ലൊരു ജോലി നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപകടം. വീട്ടിൽ അമ്മയുടെ അമ്മയും പെങ്ങളും ജ്യേഷ്ഠന്റെ ഭാര്യയും കുട്ടിയുമുണ്ട്. അമ്മയും ജ്യേഷ്ഠനും വിദേശത്തു നിന്നു മടങ്ങിയെത്തിയിട്ടുവേണം സംസ്കാരച്ചടങ്ങുകൾ. ജെനീഷിന്റെ അനുജത്തി ജെനീഷ ഇന്നു കൊച്ചിയിലെ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു ദുരന്തമെത്തിയത്. തിങ്കളാഴ്ചയായിരുന്നു ജെനീഷയ്ക്ക് ആശുപത്രിയിലെ കൂടിക്കാഴ്ച. ജോലി ഉറപ്പായതോടെ അച്ഛൻ സ്റ്റീഫനും ജെനീഷയും കൊച്ചി കലൂരിലെ ബന്ധുവിന്റെ വാടക വീട്ടിൽ തങ്ങുകയായിരുന്നു. ഇന്നലെ അർധരാത്രി കഴിഞ്ഞ് അവിടേക്കാണ് ദുരന്ത വിവരം അറിയിച്ചുകൊണ്ടു ഫോൺ സന്ദേശമെത്തിയത്. ചെറിയൊരു അപകടമാണെന്നു മാത്രമായിരുന്നു ആദ്യ വിവരം. ഉടൻ സാൻജോ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് ചേതനയറ്റ ശരീരങ്ങൾ.

തോരാമഴക്കണ്ണീർ

എറണാകുളത്ത് ആശുപത്രിയിലേക്കു പോയ നാട്ടുകാർ ഗ്രാമത്തിലേക്കു രാവിലെ മുതൽ കൃത്യമായി വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കാത്ത് വഴിക്കണ്ണുമായി ഗ്രാമം മുഴുവൻ നിന്നു. രാവിലെ മുതൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഉച്ചയോടെ മഴക്കാർ കനത്തു. ശക്തമായ കാറ്റിനും കോച്ചുന്ന തണുപ്പിനുമൊപ്പം വൻമഴ പെയ്തിറങ്ങി. വൈകിട്ട് അഞ്ചുമണിയോടെ അഞ്ച് ആംബുലൻസുകൾ നിരനിരയായി ഏലപ്പാറയിലെ പൊതു ദർശന വേദിയിലേക്കെത്തുമ്പോൾ മഴത്തുള്ളികളുടെ തണുപ്പിനേക്കാൾ കണ്ണീരിന്റെ ചൂടായിരുന്നു കാത്തുനിന്നവരുടെ മുഖത്ത്.

യാത്രയായി ഒരുമിച്ച്

ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽത്തന്നെ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ നാലു പേരുടെ കുടുംബങ്ങളും. സ്റ്റീഫന്റെയും യേശുദാസിന്റെയും സുധയുടെയും കുടുംബങ്ങൾ പിന്നീടു സ്ഥലം വാങ്ങി വീടുവച്ചു മാറി. എന്നാലും എല്ലാ വീടുകളും ചുറ്റുവട്ടത്തു തന്നെ. എല്ലാവരും കളിക്കൂട്ടുകാർ. അതുകൊണ്ടാണ് സുഹൃത്തുക്കളെ യാത്രയാക്കാൻ ഇത്രയധികം പേർ കൂടെപ്പോയത്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles