ന്യൂസ് ഡെസ്ക്

മുംബൈയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മുംബൈ എയർ പോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകർന്നു വീണത്. മുംബൈ എയർ പോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഗാട്ട് ഘോപറിനു സമീപം വിമാനം നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ മെയിന്റനൻസ് എഞ്ചിനീയർമാരുമാണ്. ഇതിൽ രണ്ടു പേർ വനിതകളാണ്. വിമാനം തകർന്നു വീണാണ്  ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ സൈറ്റിലാണ് വിമാനം തകർന്നു വീണത്. ഇന്നുച്ചയ്ക്ക് 1.10 നാണ് അപകടം നടന്നത്. പുകപടലങ്ങൾ മൂലം മുംബൈ എയർ പോർട്ടിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫുകൾ മറ്റൊരു റൺവേയിലേക്ക് മാറ്റേണ്ടി വന്നു.

ഒരു മണിക്കൂർ പരിശ്രമിച്ചാണ് തകർന്ന വിമാനത്തിലെ തീ നിയന്ത്രിക്കാനായത്. ടെസ്റ്റ് ഫ്ളൈ നടത്തുകയായിരുന്ന എയർക്രാഫ്റ്റ് ജൂഹുവിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. യു പി ഗവൺമെന്റിൽ നിന്ന് യുവൈ ഏവിയേഷൻ എന്ന കമ്പനി 2014 ലാണ് ഈ വിമാനം വാങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം മുൻപും അപകടത്തിൽ പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കാമായിരുന്നു എന്ന് മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തു.