ബേൺലി, ഇംഗ്ലണ്ട് : പ്രായമായവരിൽ നിന്നും, സാമ്പത്തികഞെരുക്കം അനുഭവിക്കുന്നവരിൽ നിന്നും മറ്റും തൻെറ സേവനങ്ങൾക്ക് പ്രതിഫലം വാങ്ങാതെ ജനമനസ്സിൽ സ്ഥാനം നേടിയ ഒരു പ്ലംബർ. ജെയിംസ് ആൻഡേഴ്സൺ എന്ന അമ്പത്തിരണ്ടുകാരൻ ആണ് ഈ സേവനം ചെയ്യുന്നത്. തൻെറ നേട്ടങ്ങളിൽ അല്ല, മറിച്ച് മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിലാണ് താൻ സന്തോഷം അനുഭവിക്കുന്നത് എന്ന് അദ്ദേഹം രേഖപ്പെടുത്തി. അതിനായി ഡീഫേർ എന്ന കമ്പനിയും അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.

ലുക്കിമിയ അനുഭവിക്കുന്ന തൊണ്ണൂറ്റൊന്നുകാരിയായ സ്ത്രീയിൽ നിന്നും പ്ലംബറുടെ സേവനത്തിന് പണമൊന്നും ഈടാക്കിയില്ല എന്നുള്ള രേഖ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്. 24 മണിക്കൂറും സേവനം എല്ലാവർക്കും ലഭ്യമാണ് എന്ന തലക്കെട്ടോടെയാണ് ജയിംസിൻെറ കമ്പനി പ്രവർത്തിക്കുന്നത്.

സംഭാവനകളും മറ്റും ലഭിക്കുന്നതിൽ നിന്നാണ് ഇത്തരം സേവനങ്ങൾക്കുള്ള പണം അദ്ദേഹം കണ്ടെത്തുന്നത്. ലങ്കാഷെയറിൽ ഉടനീളമുള്ള ജനങ്ങളെ സഹായിക്കുന്നതിൽ തൽപരനാണ് ആൻഡേഴ്സൺ. 2017ഓടു കൂടിയാണ് അദ്ദേഹം തൻെറ പണ സമ്പാദനം ഉപേക്ഷിച്ച്, ഇത്തരത്തിലുള്ള സേവനങ്ങൾ ആരംഭിച്ചത്. ഏകദേശം 8000 പൗണ്ടോളം കടബാധ്യതയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്യൻെറ സന്തോഷത്തിൽ താൻ സന്തോഷിക്കുകയാണെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രാജ്യത്തുടനീളം ഇത്തരം സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജെയിംസ്. അതിനാവശ്യമായ പണം സമ്പാദനത്തിൽ ഉള്ള തിരക്കിലാണ് അദ്ദേഹം. തികച്ചും സൗജന്യമായി സേവനങ്ങൾ നൽകാനാണ് തീരുമാനം.