ലണ്ടന്‍: യുകെയില്‍ പോലീസിന് ആയുധമെടുക്കേണ്ടി വരുന്ന ഓപ്പറേഷനുകളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവ്. 19,000 ഓപ്പറേഷനുകളാണ് സായുധ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായിരിക്കുന്നത്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അക്രമികള്‍ക്ക് നേരെ പോലീസ് പരസ്യമായി വെടിയുതിര്‍ത്ത 12 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജ് അറ്റാക്ക് നടത്തിയ തീവ്രവാദികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീഷണികളും ഇതര അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങളും നേരിടാന്‍ സായുധ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതായു റിപ്പോര്‍ട്ടുണ്ട്.

മുന്‍കരുതല്‍ പെട്രോളിംഗ്, ഓപ്പറേഷന്‍സ്, ആയുധങ്ങളില്ലാത്ത ഓഫീസേഴിസിന് സഹായം ലഭ്യമാക്കല്‍ തുടങ്ങി സായുധ പോലീസ് സംഘം ചെയ്തിരുന്ന ജോലികളില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2010/11 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. സായുധ പോലിസ് സേനാഗംങ്ങള്‍ പബ്ലിക്ക് ഇവന്റുകള്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയും വര്‍ദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ഭീഷണികളും വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുമാണ് പുതിയ നീക്കങ്ങള്‍ നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ സൈമണ്‍ ചെസ്റ്റര്‍മാന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സായുധ സേനകള്‍ നടത്തിയിരിക്കുന്ന 84 ശതമാനം ഓപ്പറേഷനുകളിലും ഉപയോഗിച്ചിരിക്കുന്നത് ആംഡ് റെസ്‌പോണ്‍സ് വെഹിക്കിളുകളാണ്. പ്രത്യേക പരിശീലനം സിദ്ധിച്ച രണ്ട് പോലീസ് ഓഫീസേഴ്‌സാണ് സംഘത്തിലുണ്ടാക്കുക. സെമി ഓട്ടോമാറ്റിക് റൈഫിള്‍സ്, ഹാന്‍ഡ് ഗണ്‍ തുടങ്ങിയ ആയുധങ്ങളാവും ഇവര്‍ പ്രധാനമായും ഉപയോഗിക്കുക. ലണ്ടനിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ആക്രമണങ്ങളെ പ്രതിരോധിച്ചത് സായുധ പോലീസ് സേനയായിരുന്നു. താലിബാന് വേണ്ടി ബോംബ് നിര്‍മ്മിച്ച തീവ്രവാദിയെയും മറ്റൊരു ഐസിസ് തീവ്രവാദിയെയും അറസ്റ്റ് ചെയ്തതും ഇവര്‍ തന്നെയാണ്.