വ്യക്തി ജീവിതത്തിലും സമൂഹ്യജീവിതത്തിലും ശാസ്ത്രീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് യുകെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ ഡോ. സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു. ഭൗതിക ശാസ്ത്ര മേഖലയ്ക്ക് നിരവധിയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികൂലമായ ശാരീരിക അവസ്ഥയിലും ഒരു വീല്‍ചെയറിന്റെ സഹായത്തോടെ ലോകമാകെ ചുറ്റി സഞ്ചരിച്ച് തന്റെ അവസാന നിമിഷം വരെ സമൂഹത്തില്‍ ശാസ്ത്ര പ്രചാരണം നടത്തിയതിന്റെ പേരിലാണ് സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരിക്കപ്പെടേണ്ടത് എന്നും, അത് തന്നെയാണ് ഈ അനുസ്മരണ സമ്മേളനത്തിന്റെ കാലിക പ്രസക്തിയെന്നും സ്വാഗതം ആശംസിച്ചു കൊണ്ട് ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ അഭിപ്രായപ്പെട്ടു.

ചേതന യുകെ പ്രസിഡന്റ് സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത ശാസ്ത്ര പ്രചാരകനും ഗ്രന്ഥകാരനും കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡ് ജേതാവുമായ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തി. സാധാരണക്കാരായ മനുഷ്യരെ കൊതിപ്പിച്ചും പേടിപ്പിച്ചും മസ്തിഷ്‌ക പ്രക്ഷാളനം നടത്തിക്കൊണ്ടിരിക്കുന്ന സംഘടിത മതസ്ഥാപനങ്ങളും കപട ശാസ്ത്ര പ്രചാരകരും ചേര്‍ന്ന് നമ്മുടെ സമൂഹത്തെ ബഹുദൂരം പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാതരം വിശ്വാസ ചൂഷണങ്ങളും മറ്റ് തട്ടിപ്പുകാരും നമ്മുടെ സമൂഹത്തില്‍ തഴച്ചു വളരുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മനോഭാവം ആണ് അത്‌കൊണ്ട് ചേതന പോലുള്ള പൊതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശാസ്ത്ര പ്രചാരണത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഓക്‌സ്ഫോഡില്‍ ജനിച്ച ബ്രിട്ടീഷുകാരനായ ഹോക്കിങിന് ഓക്‌സ്ഫോഡില്‍ വച്ചു തന്നെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചതിന് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന പുരോഗമന പ്രസ്ഥാനമായ ചേതന യുകെയെ അദ്ദേഹം പ്രശംസിച്ചു. ജൈവകൃഷി, യോഗ, ജ്യോതിഷം, കപട ചികില്‍സ തുടങ്ങിയ പ്രധാന ജനകീയ അന്ധവിശ്വാസങ്ങളെയെല്ലാം പൊളിച്ചടുക്കികൊണ്ടുള്ള അദ്ദേഹത്തിന്റെ ഒന്നര മണിക്കൂര്‍ പ്രഭാഷണം സദസ്യര്‍ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ സമയം ചോദ്യങ്ങളും, ഉത്തരങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളുമായി ഏവരും അദ്ദേഹവുമായി സംവദിച്ചു.

ചേതന യുകെ ഓക്‌സ്ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം കോശി തെക്കേക്കരയുടെ അവതരണ മികവില്‍ നോര്‍ത്ത് വേ ഇവാഞ്ജലിക്കല്‍ ചര്‍ച്ച് ഹാളില്‍ 6 മണിക്ക് ആരംഭിച്ച സമ്മേളനം സമയക്കുറവ് മൂലം രാത്രി 9.45ന് അവസാനിക്കുമ്പോഴും നിരവധി ചോദ്യങ്ങളുമായി സദസ്യര്‍ രവിചന്ദ്രനെ അനുഗമിക്കുന്നുണ്ടായിരുന്നു എന്നത് പ്രതീക്ഷനിര്‍ഭരമായ ഒരു അനുഭവം ആയിരുന്നു എന്ന് ചേതന യുകെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. എസ്സന്‍സ് യുകെയുടെ പൂര്‍ണ്ണ സഹകരണത്തോടെ നടന്ന സമ്മേളനത്തില്‍ എല്ലാവിധ സഹായ സഹകരങ്ങള്‍ക്കും എസ്സന്‍സ് യുകെയുടെ എല്ലാ ഭാരവാഹികളോടുമുള്ള അഗാധമായ നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് ചേതന യുകെ ഓക്‌സ്ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം ശ്രീമതി പ്രിയ രാജന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ചേതന യുകെയുടെ youtube ചാനലായ youtube. com/chethana europe ല്‍ സമ്മേളനത്തിന്റെ വീഡിയോ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.