ബ്രേക്ക് ഡൗണായ കാറുമായി ഗര്‍ഭിണി റോഡില്‍ കാത്തിരുന്നത് 5 മണിക്കൂര്‍; ക്ഷമാപണവുമായി ആര്‍എസി

ബ്രേക്ക് ഡൗണായ കാറുമായി ഗര്‍ഭിണി റോഡില്‍ കാത്തിരുന്നത് 5 മണിക്കൂര്‍; ക്ഷമാപണവുമായി ആര്‍എസി
May 24 05:52 2018 Print This Article

കാര്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നത് 5 മണിക്കൂര്‍. ഹന്ന ലാംഗ്ടണ്‍ എന്ന 26 കാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ആര്‍എസിയെ വിവരമറിയിച്ചിട്ടും തനിക്ക് സഹായം ലഭിക്കാന്‍ ഇത്രയും സമയം വേണ്ടി വന്നെന്ന് ഹന്ന പറയുന്നു. ഗര്‍ഭിണിയായതിനാല്‍ തനിക്ക് മുന്‍ഗണന ലഭിക്കേണ്ടതായിരുന്നു. റെസ്‌ക്യൂ വാഹനം 90 മിനിറ്റിനുള്ളില്‍ എത്തേണ്ടതായിരുന്നുവെന്നും ഹന്ന പറഞ്ഞു. പിന്നീട് ആര്‍എസി വാഹനം എത്തിയപ്പോള്‍ തനിക്കു മുന്നിലൂടെ പാഞ്ഞു പോകുകയായിരുന്നു. ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചിട്ടും അവര്‍ അത് ഗൗനിച്ചില്ല.

ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാറിനരികില്‍ ആരും ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. കാര്‍ ഓടിച്ചു പോകാന്‍ കഴിയില്ല, പിന്നെ താന്‍ എവിടെ പോകാനാണ് എന്ന് ഹന്ന ചോദിക്കുന്നു. ഓടുന്നതിനിടയിലാണ് കാറിന്റെ ക്ലച്ച് തകരാറിലാണെന്ന് മനസിലായത്. കാര്‍ ഗിയറിലേക്ക് മാറ്റാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. 70 മൈല്‍ റോഡിന്റെ അരികിലായിരുന്നു താന്‍ നിന്നിരുന്നത്. ലോറികള്‍ പാഞ്ഞു പോകുമ്പോള്‍ തന്റെ കാര്‍ കുലുങ്ങുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് താന്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും അത് വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.

രാത്രിയായിരുന്നു, തണുപ്പ് വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. കാറിലെ ഹീറ്റര്‍ തകരാറിലായിരുന്നു. തന്റെ കയ്യില്‍ ജാക്കറ്റും ഉണ്ടായിരുന്നില്ലെന്ന് ഹന്ന പറഞ്ഞു. A550യില്‍ വെല്‍ഷ് റോഡിലാണ് സംഭവമുണ്ടായത്. റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഹന്ന കാറിനുള്ളില്‍ത്തന്നെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഹോളിഡേ ആയിരുന്നതിനാല്‍ നിരവധി ബ്രേക്ക് ഡൗണുകള്‍ കൈകാര്യം ചെയ്യാനുണ്ടായിരുന്നെന്നും തങ്ങളുടെ ജീവനക്കാര്‍ ഹന്നയുടെ കാര്യത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ടതായിരുന്നെന്നും ആര്‍എസി വക്താവ് പറഞ്ഞു. ഹന്നയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വക്താവ് പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles