കോഴിക്കോട്: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യ സഫറീനയക്ക് സര്‍ക്കാര്‍ ജോലി കിട്ടി. മാന്‍ഹോളില്‍ ബോധംകെട്ടു വീണ് ഇതര സംസ്ഥാനക്കാരായ ജോലിക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നൗഷാദ് മരണമടഞ്ഞത്. മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുള്ള നൗഷാദിന്റെ പ്രാണത്യാഗത്തിന് ബഹുമതിയായാണ് സര്‍ക്കാര്‍ സഫറീനയ്ക്ക് ജോലി നല്‍കിയത്. റവന്യൂ വകുപ്പിലെ തപാല്‍ സെക്ഷനിലാണ് ജോലി. കഴിഞ്ഞ ദിവസം ഇവര്‍ ജോലിയില്‍ പ്രവേശിച്ചു.

നൗഷാദിന്റെ മരണശേഷം ഒരു വര്‍ഷത്തോളമായി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്ന സഫറീനക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ജോലിയിലൂടെ നടത്തുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കലക്ടറേറ്റിലേക്കുള്ള കത്തുകളെത്തുന്ന തപാല്‍ സെക്ഷനിലാണ് ജോലി. കത്തുകള്‍ വേര്‍തിരിച്ച് ഓരോ ഓഫീസിലേക്കും മാറ്റുന്ന ജോലിയായിരുന്നു ആദ്യ ദിവസം. അത് കുഴപ്പമില്ലാതെ ചെയ്തതായി സഫറീന പറഞ്ഞു. ‘എല്ലാവരും സഹകരിക്കുന്നു. അതില്‍ സന്തോഷമുണ്ടെന്ന് സഫറീന പ്രതികരിച്ചു.

2015 നവംബര്‍ 26നായിരുന്നു മാന്‍ഹോള്‍ ദുരന്തത്തില്‍ നൗഷാദ് മരിച്ചത്. കോഴിക്കോട് തളി ഭാഗത്ത് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനാണ് ഓട്ടോ ഡ്രൈവറായ നൗഷാദ് കുഴിയിലിറങ്ങിയത്. വിഷവാതകം ശ്വസിച്ച് നൗഷാദും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലക്കാരായ രണ്ടുപേരും മരിച്ചിരുന്നു. സംഭവത്തിനു ശേഷം സഫറീനയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നര വര്‍ഷത്തിനു ശേഷമാണ് അത് പ്രാവര്‍ത്തികമായത്.