ഈയാഴ്ച നടക്കാനിരുന്ന സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ഫോണിന്റെ ലോഞ്ചിംഗ് മാറ്റിവെച്ചു. റിവ്യൂവിനായി നല്‍കിയ ഫോണുകളുടെ സ്‌ക്രീന്‍ മടക്കുന്നതിനിടെ പൊട്ടിയതാണ് ലോഞ്ച് മാറ്റാന്‍ കാരണം. 1800 പൗണ്ട് വിലയുള്ള മടക്കാവുന്ന സ്‌ക്രീനോടു കൂടിയ ഈ മോഡല്‍ വെള്ളിയാഴ്ചയാണ് പുറത്തിറക്കാനിരുന്നത്. മെയ് 3നായിരുന്നു യുകെയില്‍ ഇതിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സ്‌ക്രീനുകള്‍ പൊട്ടിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ലോഞ്ച് മാറ്റിവെച്ചതെന്നാണ് വിവരം. ഫോണ്‍ പുറത്തിറക്കുന്ന തിയതി വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിക്കും. മൊബൈല്‍ വിപണിയില്‍ ഏറ്റവും പുതിയ വിപ്ലവമെന്നാണ് മടക്കാവുന്ന സ്‌ക്രീനോടു കൂടിയ ഫോണ്‍. അതുകൊണ്ടു തന്നെ ലോഞ്ച് മാറ്റി വെക്കേണ്ടി വരുന്നത് സാംസങ്ങിന് വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുക.

വലിയൊരു മാര്‍ക്കറ്റ് ഹിറ്റ് പ്രതീക്ഷിച്ചല്ല ഈ മോഡല്‍ വിപണിയില്‍ എത്തുന്നതെങ്കിലും സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയില്‍ പുതിയൊരു തരംഗമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌ക്രീന്‍ മടക്കി വെച്ചാല്‍ ഒരു ശരാശരി സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പം മാത്രമുള്ള സാംസങ് ഫോള്‍ഡ് നിവര്‍ത്തിയാല്‍ ചെറിയൊരു ടാബ്ലറ്റിന്റെ വലിപ്പമാകും. എന്നാല്‍ ഈ മോഡലില്‍ റിവ്യൂവര്‍മാരാണ് തകരാറുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണിന്റെ സ്‌ക്രീനിന് ഉള്‍വശം ഫ്‌ളിക്കര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ആദ്യം റിവ്യൂവര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്. പിന്നീട് ഇത് ഫ്രീസാവുകയും രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ ടെസ്റ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. സ്‌ക്രീനിലെ പ്ലാസ്റ്റിക് ലെയര്‍ രണ്ട് റിവ്യൂവര്‍മാര്‍ എടുത്തു കളയുകയും ചെയ്തു. ഈ പാളി നഷ്ടമായതോടെ സ്‌ക്രീന്‍ സ്‌ക്രാച്ചുകളുണ്ടായി.

ഈ പ്ലാസ്റ്റിക് ലെയര്‍ സ്‌ക്രീനിന്റെ ഭാഗം തന്നെയാണെന്ന് കഴിഞ്ഞയാഴ്ച സാംസങ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്‌ക്രീനിനുള്‍വശം പൊട്ടുന്നത് ന്യായീകരിക്കാന്‍ ഇത് സാംസങ്ങിനെ സഹായിക്കില്ലെന്നാണ് റിവ്യൂവര്‍മാര്‍ പറയുന്നത്. സ്‌ക്രീനിന്റെ മടങ്ങുന്ന ഭാഗങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച നടത്താനിരുന്ന ലോഞ്ച് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ചതായി സാംസങ് അറിയിച്ചു. ഡിവൈസിനുള്ളിലെ ചില വസ്തുക്കള്‍ ഡിസ്‌പ്ലേയുടെ പെര്‍ഫോമന്‍സിനെ ബാധിക്കുന്നുണ്ടെന്നും സാംസങ് പ്രതികരിച്ചു.