നടി സാനിയ അയ്യപ്പനുനേരെ സൈബര്‍ ആക്രമണം. മോഡേണ്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് ഉയര്‍ന്നത്. തനിക്ക് നേരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ കേസിനു പോകുമെന്ന് സാനിയ അറിയിച്ചു.

സാധാരണ മോശം കമെന്റുകള്‍ കണ്ടാല്‍ അത് മൈന്‍ഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടില്‍ ആര്‍ക്കും പരാതിയില്ലന്നും എന്നാല്‍ ചില മോശം കമന്റുകള്‍ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡല്‍ഹിയിലെ ബസില്‍ കൊണ്ട് ഇടണം ഇവള്‍ക്കും ആ അവസ്ഥ വരണമെന്നുള്ള കമന്റ് വരെ വന്നുവെന്നും സാനിയ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ് വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങില്‍ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ് ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും താരം പറയുന്നു.

ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.

അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.

എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണമെന്നും താരം പറയുന്നു.