ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തില്‍ എകെ ശശീശന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ നേരത്തെ ഇപി ജയരാജന്‍ വ്യവസായ വകുപ്പ് രാജിവെച്ച് ഒഴിഞ്ഞിരുന്നു.

‘ചില മാധ്യമങ്ങളില്‍ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതയുമായി ഞാന്‍ സഭ്യേതരമായ ഭാഷയില്‍ വര്‍ത്തമാനം പറയുകയുണ്ടായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് എന്റെ പൂര്‍ണവിശ്വാസം. അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നെ സമീപിക്കുന്നതെങ്കില്‍ പോലും പരമാവധി നല്ല രീതിയില്‍ പെരുമാറാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു വീഴ്ച്ച, എന്തെങ്കിലും തെറ്‌റ്, സംഭവിച്ചിട്ടുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ളത് ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം വസ്തുനിഷ്ടമായി ഏത് അന്വേഷണ ഏജന്‍സികളെ വെച്ച് വേണമെങ്കിലും അന്വേഷിക്കട്ടെ. അതില്‍ എന്റെ നിരപരാധിത്വം തെളിയും. എനിക്കും പാര്‍ട്ടിക്കും. രാഷ്ട്രീയധാര്‍മ്മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച് നില്‍കേണ്ടി വരില്ലെന്നാണ് എന്റെ എന്നത്തേയും നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്. ശരിതെറ്റ് എന്നതിന് ഉപരിയായി, ഈ രാഷ്ട്രീയ ധാര്‍മ്മികതയെ സംരക്ഷിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപിടിക്കുക എന്നതാണ്. എന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. രാജിവെച്ചൊഴിയുകയാണ് ആ തീരുമാനം’, രാജി പ്രഖ്യാപിച്ചുകൊണ്ട് എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് .