രോഗികള്‍ കിടക്കുന്നത് നിലത്ത്; വിന്റര്‍ ക്രൈസിസില്‍ നിറഞ്ഞു കവിഞ്ഞ എന്‍എച്ച്എസ് ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ഓര്‍മിപ്പിക്കുന്നു

രോഗികള്‍ കിടക്കുന്നത് നിലത്ത്; വിന്റര്‍ ക്രൈസിസില്‍ നിറഞ്ഞു കവിഞ്ഞ എന്‍എച്ച്എസ് ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ഓര്‍മിപ്പിക്കുന്നു
January 07 05:56 2018 Print This Article

യോര്‍ക്ക്ഷയര്‍: വിന്റര്‍ ക്രൈസിസില്‍ രോഗികളാല്‍ നിറഞ്ഞു കവിഞ്ഞ എന്‍എച്ച്എസ് ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അനുസ്മരിപ്പിക്കുന്നു. കിടക്കകള്‍ ലഭിക്കാത്തതിനാല്‍ രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ വേക്ക്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പിന്‍ഡര്‍ഫീല്‍ഡ്‌സ് ഹോസ്പിറ്റലിലാണ് രോഗിയെ നിലത്ത് കിടത്തി ചികിത്സിച്ചത്. ഒരു വീല്‍ ചെയറിന് സമീപം രോഗികള്‍ക്ക് നല്‍കുന്ന ഗൗണ്‍ ധരിച്ചയാള്‍ നിലത്ത് കിടക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ നിലത്ത് കിടക്കുന്ന ഒരാള്‍ക്ക് ഡ്രിപ്പ് നല്‍കിയിരിക്കുന്നതും കാണാം. തന്റെ കോട്ട് മടക്കിയാണ് ഇയാള്‍ തല ഉയര്‍ത്തിവെച്ചിരിക്കുന്നത്. വിന്റര്‍ ക്രൈസിസിന്റെ രൂക്ഷത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.

57കാരിയായ ഒരു സ്ത്രീ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ബേറ്റ്‌ലി ആന്‍ഡ് സ്‌പെന്‍ എംപിയായ ട്രേസി ബാര്‍ബിന് അയച്ചു നല്‍കുകയായിരുന്നു. ജയിലുകളേക്കാള്‍ മോശമാണ് ആശുപത്രികളുടെ അവസ്ഥയെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീ പറഞ്ഞത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലും ക്രിസ്തുമസ് കാലത്തും മാത്രമല്ല, ആശുപത്രിയില്‍ ഇത് സ്ഥിരം സംഭവമാണെന്നും അവര്‍ പറഞ്ഞു. കസേരകളില്‍ പോലും രോഗികള്‍ വിറച്ചുകൊണ്ട് ഇരിക്കുന്നത് കാണാം. ജയിലുകളില്‍ പോലും നിങ്ങള്‍ക്ക് ഒരു പുതപ്പും തലയണയും ലഭിക്കും. 2018ലെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവര്‍ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഉള്ളവര്‍ ക്ഷീണിതരായിരിക്കുകയാണ്. തന്റെ ഭര്‍ത്താവിന്റെ ബെഡിന് സമീപം കിടക്കുകയായിരുന്നയാള്‍ക്ക് തണുപ്പ് സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ട്രോളിയെങ്കിലും കിട്ടുമോയെന്ന് അയാള്‍ ചോദിച്ചെങ്കിലും ഉണ്ടായിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ കൂടി അയാള്‍ക്ക് നിലത്തി കിടക്കേണ്ടി വന്നു. ആളുകള്‍ അയാള്‍ക്ക് മുകളിലൂടെയാണ് നടന്നു പോയിക്കൊണ്ടിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രി ഇടനാഴികളില്‍ ട്രോളി ബെഡുകളില്‍ രോഗികളെ കിടത്തിയിരിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles