ഷുഹൈബ് വധക്കേസില്‍ ലോക്കല്‍ സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം, കേസില്‍ പിടികൂടാന്‍ ഇനിയും പ്രതികള്‍ ബാക്കി

ഷുഹൈബ് വധക്കേസില്‍ ലോക്കല്‍ സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം, കേസില്‍ പിടികൂടാന്‍ ഇനിയും പ്രതികള്‍ ബാക്കി
July 17 10:09 2018 Print This Article

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും അക്രമിസംഘത്തിനു പണം നല്‍കിയതും സി.പി.എം. ലോക്കല്‍ സെക്രട്ടറിയെന്നു പോലീസ്‌ കുറ്റപത്രം. ഷുഹൈബ്‌ വധത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്നു നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണു കുറ്റപത്രം കുരുക്കായത്‌.

അന്വേഷണ ഉദ്യോഗസ്‌ഥനായ മട്ടന്നൂര്‍ സി.ഐ: എ.വി. ജോണ്‍ മട്ടന്നൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണു സി.പി.എം. എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്തിന്റെ പങ്ക്‌ വ്യക്‌തമാക്കുന്നത്‌. അറസ്‌റ്റിലായ 11 പേരെ പ്രതിചേര്‍ത്ത കുറ്റപത്രമാണു സമര്‍പ്പിച്ചത്‌. എന്നാല്‍ കേസില്‍ പ്രശാന്ത്‌ ഉള്‍പ്പെടെ ആകെ 17 പ്രതികളുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രശാന്തിനു പുറമേ സി.പി.എം. പ്രവര്‍ത്തകരായ അവിനാഷ്‌, നിജില്‍, സിനീഷ്‌, സുബിന്‍, പ്രജിത്ത്‌ എന്നിവരാണ്‌ ഇനി പിടിയിലാകാനുള്ളത്‌. പ്രശാന്തിനും അവിനാഷിനും നിജിലിനുമെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയിട്ടുണ്ട്‌.

ആക്രമണത്തിനു കാര്‍ വാടകയ്‌ക്കെടുക്കാനുള്ള പണത്തിനായി അഞ്ചാംപ്രതി അസ്‌കര്‍, നിജിലിനെയും സിനീഷിനെയും വിളിച്ചു. അസ്‌കറിനെയും എട്ടാംപ്രതി അഖിലിനെയും ലോക്കല്‍ സെക്രട്ടറി പ്രശാന്തുമായി ബന്ധപ്പെടുത്തിയതു സിനീഷാണെന്നും കുറ്റപത്രത്തിലുണ്ട്‌. കാര്‍ വാടക പ്രശാന്താണു നല്‍കിയത്‌. പിടികൂടാനുള്ള ആറുപേരും ഒളിവിലാണെന്നു പോലീസ്‌ പറയുമ്പോഴും പ്രശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നു കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ പിടികൂടിയശേഷം ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പോലീസ്‌. എന്നാല്‍, കുറ്റപത്രത്തില്‍ ഗൂഢാലോചനക്കാരുടെ പങ്കും വ്യക്‌തമാക്കി. തുടരന്വേഷണം എന്ന പേരില്‍ ഗൂഢാലോചനാ കേസ്‌ ഇല്ലാതാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു കോണ്‍ഗ്രസ്‌ ആരോപിച്ചു.

കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ഗൂഢാലോചനക്കാരെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ഒന്നാംപ്രതി ആകാശ്‌ തില്ലങ്കേരിയുടെ കൈയിലെ ചരടിലുണ്ടായിരുന്ന രക്‌തക്കറ കേസില്‍ നിര്‍ണായകതെളിവായി കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 12-ന്‌ എടയന്നൂര്‍ പട്ടണത്തിലുണ്ടായ സിപിഎം-കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ സി.ഐ.ടിയു. പ്രവര്‍ത്തകന്‍ ബൈജുവിനു പരുക്കേറ്റിരുന്നു. പിറ്റേന്നു സി.പി.എം. പാലയോട്‌ ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഷുഹൈബിനെതിരേ വധഭീഷണി മുഴക്കി. അതിനുശേഷമാണു ബൈജു, നിജില്‍, അവിനാഷ്‌, അസ്‌കര്‍, അന്‍വര്‍ സാദത്ത്‌ എന്നിവര്‍ ചേര്‍ന്നു പ്രതികാരക്കൊലപാതം ആസൂത്രണം ചെയ്‌തതെന്നു കുറ്റപത്രത്തില്‍ പറയുന്നു. സി.പി.എം-കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ ഷുഹൈബ്‌ ഇടപെട്ടതാണു വൈരാഗ്യത്തിനു കാരണം. നേരത്തേ അറസ്‌റ്റിലായ എം.വി. ആകാശ്‌ ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്‌. കഴിഞ്ഞ ഫെബ്രുവരി 12-നു രാത്രി 10.45-ന്‌ എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്‌ക്കു മുന്നിലാണു ഷുഹൈബ്‌ വെട്ടേറ്റുമരിച്ചത്‌.

ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഉന്നതരെ ഒഴിവാക്കാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുമാണു പോലീസ്‌ ശ്രമിക്കുന്നതെന്നാരോപിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വവും ഷുഹൈബിന്റെ ബന്ധുക്കളും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതു സുപ്രീം കോടതി 20-ലേക്കു മാറ്റി. ഷുഹൈബ്‌ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സ്‌റ്റേ നേടിയിരുന്നു. സി.ബി.ഐ. അന്വേഷണകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുംമുമ്പാണു ധൃതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles