‘മക്കളെ എന്നിൽ നിന്നകറ്റി, മൂത്ത മകളെ മർദിച്ചുവെന്ന കേസും’ നഗ്‌നദൃശ്യം നിയമപോരാട്ടത്തിലൂടെ വിജയം നേടിയ വീട്ടമ്മ പറയുന്നു; മക്കള്‍ ഇപ്പോഴും അകലെ, ഭർത്താവിന്റെ വാക്കുകേട്ട് മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയിലേക്ക്

‘മക്കളെ എന്നിൽ നിന്നകറ്റി, മൂത്ത മകളെ മർദിച്ചുവെന്ന കേസും’ നഗ്‌നദൃശ്യം നിയമപോരാട്ടത്തിലൂടെ വിജയം നേടിയ വീട്ടമ്മ പറയുന്നു;  മക്കള്‍ ഇപ്പോഴും അകലെ, ഭർത്താവിന്റെ വാക്കുകേട്ട് മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയിലേക്ക്
December 02 06:03 2018 Print This Article

സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന ഭർത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സജു പുതിയ നിയമയുദ്ധത്തിന്. ഭർത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയെ സമീപിക്കുമെന്ന് ശോഭ മനോരമ ന്യൂസിനോട് പറഞ്ഞു. ചൈല്‍ഡ്‌ലൈന്റെ ഈ നടപടി മൂലമാണ് കുട്ടികളെ തനിക്ക് കാണാൻ കൂടി കഴിയാത്ത സ്ഥിതിയായത്. ആത്മാഭിമാനം സംരക്ഷിക്കാനുള്ള ശോഭയുടെ പോരാട്ടം പ്രമുഖ പത്ര മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.

സമാനതകൾ ഇല്ലാത്ത നിയമപോരാട്ടമാണ് തൊടുപുഴക്കാരി ശോഭ രണ്ടര വര്‍ഷക്കാലം നടത്തിയത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭർത്താവിന്റെ തോന്നലിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭർത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു.

ശോഭ മർദിച്ചുവെന്ന് ആരോപിച്ച് കുട്ടികളിൽ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകരോട് ശോഭക്ക് മാനസികപ്രശ്നം ആണെന്നും ചികിത്സ ഉണ്ടെന്നും ഭർത്താവ് പറഞ്ഞു. ഈ വാദം അതുപടി ഏറ്റെടുത്ത ചൈല്‍ഡ്‌ലൈന്‍, മറ്റ് അന്വേഷണമൊന്നും നടത്താതെ ശിശുക്ഷേമ സമിതിക്ക് നൽകിയ റിപ്പോർട്ടാണ് ഇത്. ഇതിനെയാണ് ശോഭ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

‘മാനസികരോഗം സ്വന്തമായി ചികിൽസിക്കാൻ പറ്റില്ലല്ലോ, അങ്ങനെ ചികിത്സ ഉണ്ടെന്ന് പറഞ്ഞ ഭർത്താവിനോട് ഡോക്ടർ ആരാണ് എന്നെങ്കിലും ചോദിക്കണമായിരുന്നു..’ ശോഭ പറയുന്നു.

അതുവരെ മാസത്തിൽ രണ്ടുദിവസം കുട്ടികളെ കാണാൻ ശോഭക്ക് അനുമതി ഉണ്ടായിരുന്നു. ചൈല്‍ഡ്‌ലൈന്‍ ഈ റിപ്പോർട്ട് ജില്ലാ ശിശുക്ഷേമസമിതിക്ക് നൽകിയതോടെ അതിനും വഴിയില്ലാതെയായി. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളെ ഒന്നു കാണാൻ പോലും ശോഭക്ക് കഴിഞ്ഞിട്ടില്ല.

‘അമ്മയ്ക്ക് മനസിക രോഗം ഉണ്ടെന്ന് വന്നാൽ അത് കുട്ടികളെ കൂടിയാണല്ലോ ബാധിക്കുക, അതുകൊണ്ട് ചോദ്യംചെയ്തേ പറ്റൂ‌..’ അവര്‍ പറഞ്ഞു.

ആ സംഭവത്തെപ്പറ്റിയും മാറിയ ജീവിതത്തെപ്പറ്റിയും ശോഭ തന്നെ പറയട്ടെ:

‘രണ്ടരവർഷം മുൻപാണു സംഭവം. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ, എന്റേതെന്ന പേരിൽ ഒരു നഗ്നദൃശ്യം പരക്കുന്നതായി ഒരു ബന്ധുവഴി അറിഞ്ഞു. അപവാദപ്രചാരണത്തിനെതിരെ അന്നുതന്നെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ കുറ്റകത്യമായതിനാൽ, കമ്മിഷണറെ കാണാൻ നിർദേശം. അപ്പോൾ തന്നെ സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനെ കണ്ടു പരാതി നൽകി. പരാതി സൈബർ സെല്ലിലേക്ക്. ഒരു ദിവസം കഴിഞ്ഞ്, തെളിവെടുപ്പ്. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പൊലീസുകാർ തറപ്പിച്ചു പറഞ്ഞു. വിഡിയോ ദൃശ്യമാണെന്നുപോലും അപ്പോഴാണ് അറിയുന്നത്. അപ്പോഴേക്കും ദൃശ്യം പലർക്കും കൈമാറിയിരുന്നു.’

‘കാര്യം അവിടെ തീരേണ്ടതാണ്. പക്ഷേ, ബന്ധുക്കൾക്കും പരിചയക്കാർക്കുമിടയിൽ വ്യാപകമായ, ക്രൂരമായ അപവാദപ്രചാരണമാണു ചിലർ നടത്തിയത്. നഗ്നദൃശ്യങ്ങൾ സ്വയം പകർത്തി, ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചാരണം. സംഭവത്തിലെ കൂട്ടുപ്രതികളെയും എന്നെയും അറസ്റ്റ് ചെയ്തുവെന്നു വരെയെത്തി അപവാദം. ഞാനല്ല ദൃശ്യത്തിലുള്ളതെന്നു തെളിയിക്കേണ്ടത് അത്യാവശ്യമായി. പക്ഷേ, അത് എന്റെ മാത്രം ഉത്തരവാദിത്തമാണെന്നും വൈകാതെ മനസ്സിലായി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു സൗത്ത് പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. അന്നു മുതൽ വീട്ടിലെ അന്തരീക്ഷം ആകെ മാറി. ഒറ്റപ്പെട്ടതു പോലെയായി. ഇതിനിടെ, വിവാഹമോചനം തേടിയുള്ള വക്കീൽ നോട്ടിസ് ലഭിച്ചു.’ ശോഭ പറഞ്ഞു.

‘മക്കളെ എന്നിൽ നിന്നകറ്റാനുള്ള ശ്രമമുണ്ടായി. മൂത്ത മകളെ മർദിച്ചുവെന്ന് എനിക്കെതിരെ കേസുണ്ടായി. വിവാഹമോചന കേസിന്റെ ചർച്ചയും വിചാരണയും ഒരുവശത്ത്. അപവാദ പ്രചാരണം മറുഭാഗത്ത്. മക്കളെ കാണാൻ കഴിയാത്ത വിഷമം വേറെ.

ഒരുദിവസം രാത്രി, എന്നെ വീട്ടിൽനിന്നു പുറത്താക്കി. അന്നുരാത്രി അതേ വീടിന്റെ വരാന്തയിൽ ഉറങ്ങാതെ ഇരുന്നു കഴിച്ചുകൂട്ടി. അന്ന് അർധരാത്രിയോടെ  പ്രമുഖ ദൃശ്യ പത്ര  മാധ്യമത്തെ വിളിച്ചുവരുത്തി അഭിമുഖം നൽകി. പൊലീസ് വനിതാ സെൽ വഴി രാത്രി താമസത്തിനു സൗകര്യം ഒരുക്കിത്തരാമെന്നു ചാനൽ സംഘം പറഞ്ഞുവെങ്കിലും ഞാൻ നിരസിച്ചു. ചാനൽ അഭിമുഖത്തിൽ മുഖം മറയ്ക്കേണ്ടെന്നു ഞാൻ തന്നെയാണു പറഞ്ഞതും. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ എന്തിനു നാണിക്കണം?

നായ്ക്കളുടെ കുര രാത്രി മുഴുവനുണ്ടായിരുന്നു. നായ്ക്കളെ എനിക്കു പേടിയാണ്. പക്ഷേ, ഒരു ചുമരിനപ്പുറം ഭർത്താവും മക്കളുമുണ്ടല്ലോയെന്ന ധൈര്യത്തിലാണു വരാന്തയിൽ തന്നെ ഇരുന്നത്. ആരെങ്കിലും വാതിൽ തുറക്കുമെന്നു കരുതി. അതുണ്ടായില്ല. വീട്ടിൽ കയറ്റില്ലെന്നുറപ്പായതോടെ പിറ്റേന്നു രാവിലെ കരിങ്കുന്നത്തെ വീട്ടിലേക്കു പോയി.’

‘ഭർത്താവും മക്കളുമുള്ള സ്ഥലമല്ലേ. ഇടയ്ക്കൊക്കെ മക്കളെ അകലെ നിന്നെങ്കിലും കാണാൻ കഴിയുമെന്നൊരു പ്രതീക്ഷ.

ചുറ്റുവട്ടത്ത് അവരുണ്ടല്ലോയെന്നൊരു സുരക്ഷിതത്വ ബോധം. രണ്ട് ആഴ്ചയ്ക്കുശേഷം കൊച്ചിയിലേക്കു തന്നെ മടങ്ങി. കടവന്ത്രയിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ ചെറിയൊരു കട നേരത്തെ തന്നെയും കണ്ടായിരുന്നു. അതു നോക്കിനടത്തി. ഇടയ്ക്കു പള്ളിയിൽ വരുമ്പോൾ മക്കളെ കാണും. ഒന്നും മിണ്ടാൻ കഴിയാറില്ല.

ഇതിനിടെ, ദൃശ്യം സംബന്ധിച്ചു സംസ്ഥാന സൈബർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട് വന്നു. വ്യക്തതയില്ലെന്നായിരുന്നു അതിൽ. എന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റിയ റിപ്പോർട്ടായിരുന്നില്ല അത്. കോടതിയിൽ പരാതി നൽകി. കോടതി നിർദേശപ്രകാരം പൊലീസ് വീണ്ടും അതേ ലാബിലേക്കു തന്നെ ദൃശ്യങ്ങൾ അയച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ, പഴയ നിഗമനം തന്നെ അവർ ആവർത്തിച്ചു. എനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർ കൂസലേതുമില്ലാതെ നടക്കുന്നു. എന്റെ ആവശ്യം എവിടെയുമെത്തില്ലെന്നു തോന്നി. എനിക്കുറപ്പുള്ള കാര്യമാണ്. പക്ഷേ, മക്കളുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയുമൊക്കെ മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കാൻ എനിക്കൊരു തെളിവു വേണം. ഇല്ലെങ്കിൽ ആ അമ്മയുടെ മക്കളല്ലേ എന്ന ചോദ്യം അവർക്കു നേരെ ഉയരും. അപവാദത്തിന്റെ നിഴൽ മക്കളുടെ മേൽ വീഴരുതെന്ന നിർബന്ധമുണ്ടായിരുന്നു. ‌

പക്ഷേ, സംശയാതീതമായി തെളിയിക്കാൻ ദൃശ്യം ഇനിയെവിടെ പരിശോധിപ്പിക്കും? അപ്പോഴാണ്, ‘സി–ഡാക്കിനെ’ പറ്റി പൊലീസ് ഉദ്യോഗസ്ഥർ വഴി അറിയുന്നത്. വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിയെ കണ്ടു. നേരത്തെ തന്നെ വന്നു കാണാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്.

കേസ് അതുവരെ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റാനും ദൃശ്യം സി–ഡാക്കിൽ പരിശോധിപ്പിക്കാനും അദ്ദേഹം അന്നുതന്നെ ഉത്തരവിട്ടു. ആറു മാസത്തിനകം, ദൃശ്യത്തിലുള്ളതു ഞാനല്ലെന്നും ദൃശ്യം ആർക്കൊക്കെ കൈമാറിയിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.’

‘സിറ്റി കമ്മിഷണറുടെ ഓഫിസിൽ എത്ര തവണ കയറിയിറങ്ങിയെന്നുപോലും ഓർമയില്ല. ആ ഓഫിസ് കാണുമ്പോൾ വല്ലാത്തൊരു വിഷമമാണ്. പൊലീസ് സ്റ്റേഷൻ, കോടതി, അഭിഭാഷകന്റെ ഓഫിസ് എന്നിവിടങ്ങളിലായി ജീവിതം. പറിച്ചെടുത്തു മാറ്റപ്പെട്ട മക്കൾ. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ചുറ്റിലും. ഒരു ചടങ്ങിനും പങ്കെടുക്കാനാവില്ല. അർഥം വച്ചുള്ള നോട്ടവും കമന്റുകളും. ഒരു സ്ത്രീക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും? ’

സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നിയമപോരാട്ടത്തിന്റെ വഴി കാണിച്ചു കൊടുക്കുകയാണു ശോഭ. എന്നിട്ടും ശോഭ കരയുകയാണ്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും സങ്കടം ചേർന്നൊഴുകുന്നു. ചില വിജയങ്ങൾ സങ്കടപ്പെടാൻ കൂടിയുള്ളതാണ്.

ഈ ജീവിതകഥ വായിക്കുന്നവരുടെയെല്ലാം മനസ്സിൽ ഉയരുന്ന ചോദ്യങ്ങളുണ്ട് ശോഭയ്ക്കു പഴയ കുടുംബജീവിതം തിരിച്ചു കിട്ടുമോ? ശോഭ അതിനു തയാറാകുമോ?

ഉത്തരം ഇതാണ്: ‘എന്റെ ജീവിതം തകർത്തവരെയും അതിനു പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയുമൊക്കെ കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല.’

ശോഭയുടേത് എന്ന പേരിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അടക്കം കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശോഭയുടെ പുതിയ മൊഴി പ്രകാരം സംഭവത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles