കരിയറിലെ ഏറ്റവും വലിയ സ്വപ്നം എന്ത് ; ഇന്ത്യയിൽ നേരിടാൻ ഏറ്റവും പ്രയാസമേറിയ ബൗളർ രവീന്ദ്ര ജഡേജ, വ്യക്തമാക്കി സ്മിത്ത്

കരിയറിലെ ഏറ്റവും വലിയ സ്വപ്നം എന്ത് ; ഇന്ത്യയിൽ നേരിടാൻ ഏറ്റവും പ്രയാസമേറിയ ബൗളർ രവീന്ദ്ര ജഡേജ, വ്യക്തമാക്കി സ്മിത്ത്
April 08 14:37 2020 Print This Article

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആഷസില്‍ മിന്നുന്ന ഫോമിലായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഒരുവര്‍ഷം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കിയെങ്കിലും ആഷസിലെ മിന്നുന്ന പ്രകടനത്തോടെ അത് സ്മിത്ത് തിരിച്ചുപിടിച്ചു. ഇപ്പോള്‍ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യമെന്താണെന്ന് മനസുതുറക്കുകയാണ് സ്മിത്ത്.

ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയാണ് കരിയറിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നെന്ന് സ്മിത്ത് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ പരിശീലകനായ ഇഷ് സോധിയുമായി സംസാരിക്കവെയാണ് രാജസ്ഥാന്‍ നായകന്‍ കൂടിയായ സ്മിത്ത് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ താരമെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഷസ് ആണ് ഏറ്റവും വലുത്, പിന്നെ ലോകകപ്പും. പക്ഷെ, ഞാന്‍ കരുതുന്നത് ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ്. അതുകൊണ്ട് അവരെ തോല്‍പ്പിച്ച് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടുക എന്നതാണ് ഇപ്പോള്‍ എന്റെ കരിയരിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന്-സ്മിത്ത് പറഞ്ഞു. 2005ലാണ് ഓസ്ട്രേലിയന്‍ അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൌളര്‍ രവീന്ദ്ര ജഡേജയാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യയില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് ജഡേജയെയാണ്. കാരണം, മികച്ച ലെംഗ്തിലാണ് ജഡേജ പന്തെറിയുക. പിച്ച് ചെയ്ത ശേഷം ജഡേജയുടെ പന്തുകള്‍ ചിലത് സ്കിഡ‍് ചെയ്ത് പോകും ചിലത് കുത്തി തിരിയും. കൈയില്‍ നിന്ന് പന്ത് റിലീസ് ചെയ്യുമ്പോള്‍ ഇക്കാര്യം മനസിലാക്കാനുമാവില്ല. ലെംഗ്തിലെ സ്ഥിരതയും ജഡേജയെ നേരിടാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ലോക ക്രിക്കറ്റില്‍ ഇതുപോലെ പന്തെറിയുന്ന മറ്റ് ചിലരുമുണ്ട്. ജഡേജയും അവരിലൊരാളാണെന്നും സ്മിത്ത് പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ ലെഗ് സ്പിന്നറായാണ് ടീമില്‍ എത്തിയതെങ്കിലും താന്‍ ശരിക്കും ബാറ്റ്സ്മാനായിരുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ഓസീസ് ടീമില്‍ ഷെയ്ന്‍ വോണിന്റെ വിടവ് നികത്താനുള്ള ശ്രമമായിരുന്നു അപ്പോള്‍. അതിനായി 12-13 സ്പിന്നര്‍മാരെ സെലക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അവിരലൊരാളായിരുന്നു ഞാനും. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ സ്പെഷലിസ്റ്റ് സ്പിന്നറായി കളിച്ചശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും പിന്നീട് ബൌളിംഗ് ഉപേക്ഷിച്ച് ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാമ് ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതെന്നും സ്മിത്ത് പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles