ഉണ്ണികൃഷ്ണൻ ബാലൻ

കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യുകെയിലെ ഇടതു പക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം ആലപ്പുഴ സാംസ്‌കാരിക കേന്ദ്രമായ കുമ്മാടിയിൽ എംഎൽഎ പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ ഇന്ദു ടീച്ചർ, സിപിഎം ആലപ്പുഴ ഏരിയ സെക്രട്ടറി വി ബി അശോകൻ, കൗൺസിലർ മോനിഷ ശ്യാം, കൗൺസിലർ ഡോ: ലിന്റ ഫ്രാൻസിസ്, കൗൺസിലർ മാരായ ജ്യോതി പ്രകാശ്, ജാസ്മിൻ ബിജു എന്നിവർ പങ്കെടുത്തു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിനായി ബിരിയാണിമേളയിലൂടെയും മറ്റും പണം സമ്പാദിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു മാസ കാലമായി സമീക്ഷയുടെ ബ്രാഞ്ചുകളിൽ നടന്നു വരികയാണ് . അതിനിടയിലാണ് ആലപ്പുഴയിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകർ സമീക്ഷ നേതൃത്വത്തെ സമീപിക്കുന്നത്. ഉടൻതന്നെ സമീക്ഷ ഈ ആവിശ്യം ഏറ്റെടുത്തു, നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റിനാവശ്യമായ തുക ഒരാഴ്ചക്കുള്ളിൽ കണ്ടെത്തി നൽകി. ഡിവൈഎഫ്ഐ യുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ വർഷം സമീക്ഷ 100 ഓളം ടിവി കളും കേരളത്തിന്റെ വിവിധ ഭാഗംകളിൽ വിതരണം ചെയ്തിരുന്നു. കൂടാതെ രണ്ടാം പ്രളയ കാലത്തു 14 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിക്കാനും സമീക്ഷ യുകെയ്ക്ക്‌ കഴിഞ്ഞു. ഇതിലും വലിയ ഒരു തുക ലക്‌ഷ്യം വെച്ചാണ് സമീക്ഷ പ്രവർത്തകർ യുകെയുടെ വിവിധ മേഖലകളിൽ ബിരിയാണിമേളയും മറ്റും നടത്തി വരുന്നത്. പിറന്ന നാടിന് എന്നും കൈത്താങ്ങായി സമീക്ഷ യുകെ കൂടെ ഉണ്ടാകും എന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.