ലണ്ടന്‍: ഏഴു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാര. എന്നാല്‍ കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേസ് വിമാനം. ന്യൂയോര്‍ക്കില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറില്‍ 1,290 കിലോ മീറ്റര്‍ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂര്‍ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടയിടത്താണ് രണ്ടു മണിക്കൂര്‍ യാത്രാസമയം വിമാനത്തിന് ലാഭിക്കാന്‍ സാധിച്ചത്.

സമാനമായി മറ്റ് വിമാനങ്ങളും ഇതേ പോലെ യാത്രാസമയം ലാഭിച്ചെങ്കിലും ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിയത്‌. ശനിയാഴ്ചയാണ് വിമാനം റെക്കോര്‍ഡിട്ടത്.

ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനം ഹീത്രു വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന കമ്പനിയുടെ വിമാനം ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തേക്കാള്‍ ഒരുമിനിറ്റ് മാത്രം വൈകി ഹീത്രു വിമാനത്താവളത്തിലെത്തി. ഞായറാഴ്ച കമ്പനിയുടെ മറ്റൊരു വിമാനവും ഇതേ പോലെ വേഗത്തില്‍ എത്തിയിരുന്നു.

അതേസമയം തിരിച്ച് ന്യൂയോര്‍ക്കിലേക്കുള്ള സഞ്ചാരം വിമാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാകും. എതിരായി വീശുന്ന കാറ്റിനെ അതിജീവിച്ച് വേണം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. അതിനാല്‍ സാധാരണ യാത്രാസമയത്തേക്കാള്‍ രണ്ടു മണിക്കൂറിലേറെ സമയം ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരും.

[ot-video]

[/ot-video]