ലണ്ടന്‍: ശരീരം കത്തിയമര്‍ന്ന് മാംസം മണക്കുന്ന അവസ്ഥയിലെത്തിയാല്‍ എന്താകും മനുഷ്യരുടെ അവസ്ഥ! സ്വഭാവികമായും വേദന സഹിക്കവയ്യാതെ അവര്‍ ശക്തിയേറിയ വേദന സംഹാരികളുടെ സഹായം തേടും. എന്നാല്‍ ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂണ്‍ എന്ന 62 കാരിയുടെ കഥ മറ്റൊന്നാണ്. ജോ കാമറൂണ്‍ വേദന തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട മുത്തശ്ശിയാണ്. നുള്ളിയാലും ചെറുതായൊന്നും തല്ലിയാലും വേദന അറിയാത്ത സാധാരണ മാറ്റമല്ലിത്. തീപിടിച്ച് മാസം ഗന്ധം വന്നാലും കാമറൂണിന് വേദന അറിയില്ല. ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും വേദന സംഹാരിയുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് ഇവര്‍ മാറി കഴിഞ്ഞു. ശാസ്ത്രലോകം തന്നെ അമ്പരന്നിരിക്കുന്ന ഈ മാറ്റത്തിന് പിന്നിലെ കൃതമായ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച് കാമറൂണിന്റെ ഇടുപ്പ് പൂര്‍ണമായും ദ്രവിച്ചു പോയതോടെയാണ് വേദനയില്ലാത്ത വ്യക്തിയാണ് ഇവരെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. ശക്തമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.

രോഗം ബാധിച്ചതിന് ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തുമ്പോള്‍ ഇവര്‍ക്ക് പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടായില്ല. മാത്രമല്ല ഓപ്പറേഷന്‍ സമയത്ത് വേദനസംഹാരികളൊന്നും കഴിക്കാന്‍ കൂട്ടാക്കിയതുമില്ല. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ ജോ കാമറൂണിന് സംഭവിച്ച അപൂര്‍വ ജനിതകമാറ്റം തിരിച്ചറിയുന്നത്. കൂടുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കാണറൂണിനെ വിധയമാക്കിയതോടെ ജനിതക മാറ്റം വേദന തിരിച്ചറിയാനുള്ള ഇവരുടെ കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. വേദന അറിയാന്‍ കഴിയാതിരിക്കുക എന്നത് കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന അവസ്ഥയാണ്. വേദന അറിയാന്‍ കഴിയാത്തതു മൂലം ജോ കാമറൂണിന് നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.

പാചകം ചെയ്യുന്നതിനിടയില്‍ അടുപ്പില്‍ നിന്നു പൊള്ളലേറ്റെങ്കിലും ജോ അത് അറിഞ്ഞില്ല. ഒടുവില്‍ സ്വന്തം മാംസം കത്തുന്ന മണം വന്നപ്പോള്‍ മാത്രമാണ് തീ പിടിച്ച വിവരം അറിഞ്ഞത്. പാചകം ചെയ്യുന്നതിടയില്‍ കൈ മുറിഞ്ഞാല്‍ പോലും ജോയ്ക്ക് അറിയാന്‍ കഴിയില്ല. കൈയില്‍ നിന്ന് ചോര വരുമ്പോള്‍ മാത്രമാണ് മുറിവേറ്റ വിവരം ഇവര്‍ അറിയുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വളരെ പെട്ടെന്ന് ഭേദമാകുന്നത് കൊണ്ട് ഇത് ഒരു പ്രശ്നമായും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. എട്ടാം വയസില്‍ സ്‌കേറ്റിങ്ങിനിടെ വീണ് കയ്യൊടിഞ്ഞിട്ടും ജോ അറിഞ്ഞില്ല. മകളുടെ കൈ അസാധാരണമാംവിധം തൂങ്ങിക്കിടക്കുന്നത് കണ്ട അമ്മയാണ് കൈ ഒടിഞ്ഞ വിവരം തിരിച്ചറിഞ്ഞത്. അനസ്തേഷ്യ കൂടാതെ വെരിക്കോസ് വെയിനിന് ശസ്ത്രക്രിയ നടത്തിയതും പല്ലെടുത്ത ശേഷം മരവിപ്പിക്കാതെ സ്റ്റിച്ചിട്ടതും അടക്കം നിരവധി അനുഭവങ്ങളാണ് ഇവര്‍ക്ക് പറയാനുള്ളത്. പ്രസവം പോലും അസാധരണമായ ഒരു അനുഭവം എന്നതില്‍ കവിഞ്ഞ് മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടും ജോയ്ക്ക് ഉണ്ടായിരുന്നില്ല. 62-ാം വയസിലാണ് തനിക്ക് ജനിതക മാറ്റം സംഭവിച്ച വിവരം ഇവര്‍ അറിഞ്ഞത്.