മണര്‍കാട് പോലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

മണര്‍കാട് പോലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
May 22 06:15 2019 Print This Article

കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മണര്‍കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ് എ എസ് ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരും കൃത്യനിര്‍വ്വഹണത്തില്‍ അപാകത വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ കണ്ണില്‍പ്പെടാതെ ടോയ്‌ലെറ്റിലേക്ക് പോയ നവാസ് അവിടെ വെച്ച് തൂങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ നവാസിനെ കണ്ടെത്തി.

ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിനാവും അന്വേഷണച്ചുമതല. സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles