സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കടുത്ത ചൂടിനിടെ വേനല്‍മഴ എത്തിയത് ആശ്വാസമായി.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി വിവരമുണ്ട്. എന്നാല്‍ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ കോട്ടയം ജില്ലയിലെ പലയിടത്തും ഞായറാഴ്ച വൈകീട്ടോടെ ശക്തമായ കാറ്റും മഴയുമുണ്ടായി. കുറുവിലങ്ങാട് മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കൃഷിസ്ഥലങ്ങളിലെ വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. ചങ്ങനാശേരി പായിപ്പാട് വൈദ്യുത തൂണുകള്‍ റോഡിലേക്ക് വീണു. പലയിടത്തും മഴ തുടരുകയാണ്.