diesel
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു. പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.
യുകെയില്‍ ഇന്ധനവിലയിലുണ്ടായത് വന്‍ വര്‍ദ്ധനവ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസി ഇന്ധന വിലവര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയ തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് മെയ് മാസത്തിലുണ്ടായതെന്നാണ് വിലയിരുത്തല്‍. അണ്‍ലെഡഡ് പെട്രോള്‍ വില 123.43 പെന്‍സില്‍ നിന്ന് 129.41 പെന്‍സ് ആയാണ് ഉയര്‍ന്നത്. ഇതോടെ 55 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള സാധാരണ കാറില്‍ പെട്രോള്‍ നിറക്കണമെങ്കില്‍ 71.18 പൗണ്ട് നല്‍കേണ്ടി വരും. ഒരു മാസത്തിനിടയില്‍ ഈയിനത്തിലുണ്ടായ വര്‍ദ്ധന 3.29 പൗണ്ടാണെന്ന് ആര്‍എസി ഫ്യൂവല്‍ വാച്ച് ഡേറ്റ വ്യക്തമാക്കുന്നു. ഡീസലിനുണ്ടായ ശരാശരി വര്‍ദ്ധന 6.12 പെന്‍സാണ്. 126.27 പെന്‍സില്‍ നിന്ന് 132.39 പെന്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2000നു ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ വലിയ വിലക്കയറ്റമാണ് ഇത്. മെയ് മാസത്തില്‍ ഒരു ഫാമിലി കാര്‍ പൂര്‍ണ്ണമായും നിറക്കണമെങ്കില്‍ 72.81 പൗണ്ടാണ് ഉപഭോക്താവിന് നല്‍കേണ്ടി വന്നത്. ഏപ്രില്‍ 2ന് ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതെന്നും ആര്‍എസി വ്യക്തമാക്കുന്നു. വാഹന ഉടമകള്‍ക്ക് നരകതുല്യമായ മാസമായിരുന്നു മെയ് എന്നാണ് ആര്‍എസി വക്താവ് പറഞ്ഞത്. പൗണ്ട് മൂല്യം കുറഞ്ഞതിനൊപ്പം ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്തത് വാഹന ഉടമകളെ കഷ്ടത്തിലാക്കിയെന്നും ആര്‍എസി ഡേറ്റ വ്യക്തമാക്കുന്നു.
പെട്രോള്‍ വില വാരാന്ത്യത്തില്‍ വര്‍ദ്ധിക്കുന്നു. 2 പെന്‍സ് വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഒരു മാസത്തിനിടെ ഹോള്‍സെയില്‍ വിലയില്‍ ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിച്ചതിനാല്‍ ഇനിയും 5.5 പെന്‍സിന്റെ വര്‍ദ്ധനവ് കൂടി ഇന്ധനവിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനവിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് 72 പൗണ്ടായിരുന്നു രേഖപ്പെടുത്തിയത്. ടാങ്കുകള്‍ വിലവര്‍ദ്ധനവിനു മുമ്പായി നിറച്ചിടാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അണ്‍ലെഡഡ് പെട്രോളിന് 121 പെന്‍സില്‍ നിന്ന് 123 പെന്‍സ് ആയി വില ഉയരും. ഡീസല്‍ വില 123.61 പെന്‍സില്‍ നിന്ന് 125.61 പെന്‍സ് ആയി വര്‍ദ്ധിക്കും. സിറിയയിലേക്ക് മിസൈലുകള്‍ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് ഈ വിലക്കയറ്റത്തിന് കാരണം. അമേരിക്കയും റഷ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതും എണ്ണവിലയെ സാരമായി ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യമായ സൗദിക്കു മേലുണ്ടായ ആക്രമണം എണ്ണവിപണിയില്‍ 9 ശതമാനം വിലക്കയറ്റമാണ് സൃഷ്ടിച്ചത്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവുണ്ടാകുന്നത്. മിസൈല്‍ ഭീഷണിയാണ് വിലക്കയറ്റത്തിന് കാരണമായതെങ്കിലും ഊഹക്കച്ചവടക്കാരുടെ പങ്ക് കുറച്ചു കാണാന്‍ കഴിയില്ലെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
യുകെ കാര്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് ജനപ്രീതി കുറയുന്നു. ഒരു വര്‍ഷത്തിനിടെ 37.2 ശതമാനം ഇടിവാണ് ഡീസല്‍ കാറുകളുടെ വില്‍പനയില്‍ നേരിട്ടത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഒരു കാലത്ത് മുന്‍നിരയിലായിരുന്ന ഡീസല്‍ കാറുകളുടെ വിപണി ഇപ്പോള്‍ വെറും 32 ശതമാനം കാറുകളുടെ വില്‍പനയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ലോക്കല്‍ അതോറിറ്റികളും സിറ്റികളും പഴയ ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നത്. നിരോധനത്തിനുള്ള നിര്‍ദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡീസല്‍കാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. അതുകൊണ്ടുതന്നെ പുതിയ ഡീസല്‍ കാറില്‍ പണം മുടക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഈ മാസം തന്നെയാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ പ്രാബല്യത്തിലായത്. ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ഈ ഇന്ധനത്തില്‍ നിന്ന് മുക്തിനേടുന്നത് ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് നീക്കം. അതേസമയം ഗവണ്‍മെന്റിന്റെ പുതിയ നികുതി നിര്‍ദേശം പഴയ ഡീസല്‍ വാഹനങ്ങള്‍ മാറ്റി പുതിയ ലോ എമിഷന്‍ വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എസ്എംഎംടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞു. ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകളുടെ വില്‍പനയില്‍ മാര്‍ച്ചില്‍ 5.7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് 200 മില്യന്‍ പൗണ്ടാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനും ഇലക്ട്രിക് കാറുകളുടെ വിലയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിനുമായി കൂടുതല്‍ പണവും ഗവണ്‍മെന്റ് വകയിരുത്തിയിട്ടുണ്ടെന്നും എസ്എംഎംടി കണക്കുകള്‍ പറയുന്നു. മാര്‍ച്ച് മാസം കാര്‍ വിപണിയില്‍ ഉണര്‍വുള്ള മാസമാണ്. ഡീസല്‍ കാറുകളുടെ വില്‍പനയില്‍ കുറവുണ്ടായിട്ടും കാര്‍ വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ നാലാമത്തെ മാര്‍ച്ചാണ് കഴിഞ്ഞു പോയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലണ്ടന്‍: ഡീസല്‍ കാറുകളുടെ റോഡ് ടാക്‌സില്‍ വന്‍ വര്‍ദ്ധന വരുത്തിയതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി പുതുക്കിയ വാഹന നികുതി നിരക്കുകള്‍ പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ത്രീ ബാന്‍ഡ് ടാക്‌സ് സംവിധാനമാണ് നടപ്പിലാകുന്നത്. ടാക്‌സ് ഫ്രീ ബാന്‍ഡിലേക്ക് പ്രവേശനം ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍. നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കാറുകളുടെ റോഡ് ടാക്‌സ് 800 പൗണ്ടില്‍ നിന്ന് 1200 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയവര്‍ക്ക് ആദ്യമായി രണ്ടാം വര്‍ഷ ചാര്‍ജുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതും ഈ പരിഷ്‌കാരത്തിന്റെ പ്രത്യേകതയാണ്. ആദ്യ വര്‍ഷത്തെ കാര്‍ ടാക്‌സുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. പരമാവധി 2000 പൗണ്ട് വരെയായിരിക്കും ഈ നിരക്ക്. രണ്ടാം വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 140 പൗണ്ട് മാത്രം റോഡ് ടാക്‌സായി നല്‍കിയാല്‍ മതിയാകും. ഹൈബ്രിഡ്, ബയോ എഥനോള്‍, എല്‍പിജി വാഹനങ്ങള്‍ക്ക് ഇത് 130 പൗണ്ട് മാത്രമായിരിക്കും. സിറോ എമിഷന്‍ വാഹനങ്ങള്‍ക്ക് ഈ തുക നല്‍കേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ പുതിയ ചില വ്യവസ്ഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡീസല്‍ കാറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനകളില്‍ യൂറോ 6 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതില്‍ ടാക്‌സ് ബാന്‍ഡില്‍ ഒരു നില മുകളിലേക്കായിരിക്കും ഇവ കടക്കുക. പുതിയ ഫോര്‍ഡ് ഫോക്കസിന് ആദ്യവര്‍ഷം 20 പൗണ്ട് അധികം നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോര്‍ഷെ കായേന്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇത് കാറുകള്‍ക്ക് മാത്രമാണ്. വാനുകള്‍ക്കും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഈ നിരക്ക് ബാധകമല്ല. കിലോമീറ്ററിന് 50 ഗ്രാം വരെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്ന കാറുകള്‍ പത്ത് പൗണ്ടും 51 മുതല്‍ 71 വരെ ഗ്രാം പുറത്തുവിടുന്നവ 25 പൗണ്ടുമാണ് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കായി 2000 പൗണ്ട് വരെ ഈടാക്കും. 40,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 310 പൗണ്ട് സര്‍ചാര്‍ജ് അടക്കേണ്ടതായി വരും. വില കുറഞ്ഞ കാര്‍ വാങ്ങി അതില്‍ എക്‌സ്ട്രാകള്‍ ഘടിപ്പിച്ച് മൊത്തം വില 40,000 പൗണ്ടിനു മേലെത്തിയാലും ഈ പ്രീമിയം നല്‍കേണ്ടിവരും. എന്നാല്‍ 40,000പൗണ്ടിനു മേല്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ഇത് ബാധകമാകില്ല.
RECENT POSTS
Copyright © . All rights reserved