narendra modi
ജോജി തോമസ് ഒരമ്മയുടെ സ്‌നേഹവും കരുതലും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ നേതൃത്വത്തില്‍ നിന്ന് ഓരോ മലയാളിക്കും അനുഭവപ്പെടേണ്ട സാഹചര്യത്തില്‍ എങ്ങും സംശയത്തിന്റെയും അസംതൃപ്തിയുടെയും വികാരമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ നെഞ്ചുറപ്പോടെ നേരിടാന്‍ മലയാളികള്‍ക്കായെങ്കിലും അതിനു ശേഷമുണ്ടായ പല വിവാദങ്ങളും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണെങ്കിലും കേരളം നേരിട്ട വെള്ളപ്പൊക്കക്കെടുതിക്കു ശേഷം കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് നീതികേട് കാണിച്ചു എന്നതാണ് പൊതുവികാരം. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള സാമ്പത്തിക പിന്തുണയുടെ കാര്യത്തിലും വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമെല്ലാം ഒരമ്മയുടെ സ്‌നേഹത്തിലുപരിയായി ചിറ്റമ്മനയമാണ് പ്രളയാനന്തര കേരളത്തിലെ ജനത കണ്ടത്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പ്രകൃതിക്ഷോഭത്തെ നേരിട്ടപ്പോള്‍ കിട്ടിയ പരിഗണനയല്ല കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും ഭാഷാപരവുമായ അവഗണനയെക്കുറിച്ച് വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തുള്ള ജനതയുടെ പരാതിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തോളം പഴക്കമുണ്ട്. പലപ്പോഴും ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍ചേരിയിലുള്ള പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയത് ഈ പരാതിക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുമായുള്ള ഈ വിയോജിപ്പ് കാരണം 356-ാം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന ഗവണ്‍മെന്റുകളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായികരുന്നു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് ഉപയോഗിച്ച് ഒരു സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുതന്നെ 1959 ജൂലൈ 31ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ ആയിരുന്നു. കേരളത്തിന് എക്കാലവും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം അര്‍ഹിക്കുന്നതില്‍ കുറവായിരുന്നു. രണ്ടാം യുപിഎ മന്ത്രിസഭ മാത്രമാണ് ഇതിന് ഒരു അപവാദം. 1990കള്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയെ ലഭിക്കുന്നത് വലിയ സംഭവമായി കരുതിയിരുന്നു. സാമ്പത്തികവും ഭാഷാപരവുമായ വിവേചനം ഇതിലും ഉപരിയാണ്. ഹിന്ദിയിതര ഭാഷകളോടും ദക്ഷിണേന്ത്യന്‍ ഭാഷകളോടും പരമ്പരാഗതമായി തുടരുന്ന ഈ വിവേചനം ഇന്നും തുടരുന്നു. കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഖജനാവിലേക്ക് നല്‍കുന്നത് വളരെ വലുതും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും ആണെങ്കിലും പദ്ധതി വിഹിതം നിശ്ചയിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തുമ്പോഴും കേരളത്തിന് ഈ പരിഗണന ലഭിക്കാറില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രം വരുന്ന കേരളീയരാണ് നാണ്യവിഭവങ്ങളുടെ കയറ്റുമതിയിലൂടെയും വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് മൂലധന നിക്ഷേപത്തിന്റെ ഒരൊഴുക്കുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഉണ്ടാകുന്നതായി കാണാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളിലെ മലയാളികളുടെ നിക്ഷേപത്തിന്റെ വളരെക്കുറഞ്ഞ അനുപാതമേ കേരളത്തില്‍ വായ്പയായി വിതരണം ചെയ്യപ്പെടുന്നുള്ളു. സംസ്ഥാന വികസനത്തിനാവശ്യമായ പദ്ധതികള്‍ക്കായി ഡല്‍ഹിയിലെ മേലാളന്‍മാരുടെ മുന്നില്‍ കാത്തു നില്‍ക്കുക മാത്രമല്ല, പലപ്പോഴും കേരളത്തിന് അനുവദിച്ച പദ്ധതികളും സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിമാറിപ്പോയ ചരിത്രവുമുണ്ട്. ദക്ഷിണേന്ത്യക്കാരുടെ പ്രധാന ആഹാരമായ അരിയോടു പോലുമുണ്ട് ഈ വിവേചനം. ഗോതമ്പിന് എന്നും കൂടിയ സംഭരണ വില ലഭിക്കുകയും കൂടിയ തോതില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. റെയില്‍വേയുടെ കാര്യത്തിലും കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകളിലുമെല്ലാം ഈ വിവേചനമുണ്ട്. ഗള്‍ഫിനോട് കൂടുതല്‍ അടുത്തു കിടക്കുന്നത് കേരളമാണ്. പക്ഷേ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ നല്‍കേണ്ടി വരുന്നത് മലയാളിയുടെ പോക്കറ്റടിക്കുന്നതിന് ഉദാഹരണമാണ്. നമ്മള്‍ മലയാളികള്‍ പൊതുവേ മദ്രാസികള്‍ എന്നാണ് നോര്‍ത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ മറ്റ് മദ്രാസികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിന് ലഭിക്കാറില്ല. ആനുകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ഈ അവഗണനയും പ്രതികാര മേേനാഭാവവും കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു തലത്തിലും സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളമെന്ന തിരിച്ചറിവാണ് പ്രതികാരബുദ്ധിയോടെയുള്ള ഈ അവഗണനയുടെ പ്രധാന കാരണം. പ്രകൃതിക്ഷോഭത്തില്‍പ്പെട്ട കേരളത്തോടുള്ള കേന്ദ്ര സമീപനം വിവേചനം അതിന്റെ പാരമ്യത്തിലെത്തിയതിന്റെ തെളിവാണ്. കേന്ദ്ര സംസ്ഥാന ബന്ധം പലപ്പോഴും കൊള്ളപ്പലിശക്കാരനും കടക്കാരനും തമ്മിലുള്ളതായി മാറി. അല്ലെങ്കില്‍ ദുരിതാശ്വാസമായി അനുവദിച്ച പരിമിതമായ സാമ്പത്തിക സഹായത്തില്‍ നിന്ന് അരിമേടിച്ച് തുക കുറയ്ക്കാന്‍ മുതിരില്ലായിരുന്നു. പ്രളയ ദുരിതത്തില്‍പ്പെട്ട് നാല്‍പതിനായിരം കോടിയോളം നഷ്ടം സംഭവിച്ച കേരളത്തിന് ഒരു റാഫേല്‍ യുദ്ധവിമാനത്തിന് നല്‍കിയ തുകയെങ്കിലും സഹായമായി നല്‍കാമായിരുന്നു. അംബാനിക്കോ അദാനിക്കോ ആണ് ഇങ്ങനെയൊരു ദുരിതം സംഭവിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇതിലേറെ നോവുമായിരുന്നു. സാമ്പത്തിക സഹായത്തേക്കാള്‍ ഉപരി കേരള ജനതയോടുള്ള കരുതലും സ്‌നേഹവും തെളിയിക്കപ്പെടേണ്ട അവസരമായിരുന്നു പ്രളയദുരിതം. കാരണം ഇന്ത്യയുടെ പുരോഗതിക്ക് മലയാളി നല്‍കിയ സംഭാവനകള്‍ വലുതാണ്. കേരളത്തിനുള്ള പദ്ധതി വിഹിതം കുറയാന്‍ കണ്ടെത്തുന്ന ന്യായീകരണം മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരമാണ്. പക്ഷേ കേരളം ഇന്ന് ആര്‍ജ്ജിച്ച ഉയര്‍ന്ന ജീവിതനിലവാരം മലയാളിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി വിയര്‍പ്പൊഴുക്കിയും വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതില്‍ നിന്നും മലയാളി നേടിയെടുത്തതാണ് ഇപ്പോഴത്തെ പുരോഗതി. ദുരിത സമയത്ത് കേന്ദ്രത്തിലെ ദാദാമാര്‍ സഹായത്തിനെത്തിയില്ലെങ്കിലും മലയാളികള്‍ ഒരു പുതിയ കേരളം ഇതിലും മനോഹരമായി പടുത്തുയര്‍ത്തും. കാരണം മലയാളികള്‍ എന്നും അദ്ധ്വാനിക്കാന്‍ മനസുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാണ്. അതുകൊണ്ടാണ് പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനതയ്ക്കും കേരളം ഗള്‍ഫ് ആയത്. ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ലണ്ടന്‍: നരേന്ദ്ര മോഡിയുടെ യുകെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റ് സ്‌കൊയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക പ്രതിഷേധകര്‍ നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇന്ത്യയില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 8 വയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധകര്‍ ആവശ്യപ്പെട്ടിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുമായി ഉപയകക്ഷിതല ചര്‍ച്ച നടത്തുന്നതിനായിട്ടാണ് നരേന്ദ്ര മോഡി യുകെയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും മോഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിഷേധകര്‍ ഇന്ത്യന്‍ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഗൗരവപൂര്‍ണമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് അതോറിറ്റി അറിയിച്ചതായി മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് അറിയിച്ചു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ബ്രിട്ടീഷ് അതോറിറ്റികള്‍ നീക്കം ചെയ്ത പതാക മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേശീയ പതാക നീക്കം ചെയ്തത് അങ്ങേയറ്റം മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നാല്‍ പതാക നീക്കം ചെയ്യുന്നത് പോലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയം അങ്ങേയറ്റം ഖേദകരമാണെന്നും യുകെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു. ബ്രിട്ടനുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിപ്പോള്‍. ബ്രക്‌സിറ്റിന് ശേഷം 1 ബല്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹിന്ദു ദേശീയത ജനാതിപത്യ ദര്‍ശനങ്ങളെ നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതായും ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും കാസ്റ്റ് വാച്ച് യുകെയുടെ വക്താവ് പ്രതികരിച്ചു. പ്രോ-കാലിസ്ഥാനി പ്രതിഷേധകരും സിഖ് സംഘടനകളും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വിവിധ വനിതാ സംഘടനകളും മോഡിക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കത്വ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധകരെത്തിയത്.
മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍ പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയെഴുതാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങങളായി ഇതിനുള്ള കരുക്കങ്ങള്‍ സജീവമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതികൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയാരോപണ വിധേയരാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുകയും പൊതുജന മധ്യത്തിലെത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിനു പകരം അഴിമതിയാരോപണ വിധേയരെ ബ്ലാക്‌മെയില്‍ ചെയ്യാനും അങ്ങനെ നിശബ്ദരാക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഇനിയും വളരെ കുറച്ചുകാലം മാത്രം അവശേഷിക്കുന്നതിനാല്‍ പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്ത് സജീവമാക്കാനും അഴിമതി ആരോപണവിധേയരായ പല പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസ് സഖ്യകക്ഷികളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ അഴിമതികള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിപക്ഷത്തെ ശിഥിലമാക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കണക്കുക്കൂട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വിനയായത് ഭരണ പരാജയങ്ങളെക്കാള്‍ ഉപരിയായി അഴിമതിയാരോപണങ്ങളായിരുന്നു. പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്താല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നും അതുവഴി ഭരണ തുടര്‍ച്ച സാധ്യമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ഐഎന്‍എക്‌സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രസ്തുത കേസില്‍ ആരോപണ വിധേയയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴികള്‍ പി. ചിദംബരത്തെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് റിപ്പോട്ടുകള്‍. അധികം താമസിയാതെ പി. ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ട്. കഴിഞ്ഞ കുറേകാലമായി മോദിയും അമിത്ഷായും ചേര്‍ന്ന് രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അഴിയെണ്ണിക്കുകയാണെങ്കില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സാധിക്കും. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു ഭീതി വിതയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിജെപിയോടുള്ള എതിര്‍പ്പ് കുറയും. കടുത്ത ദ്രാവിഡ രാഷ്ട്രീയം പയറ്റുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ പോലും ഇത്തരത്തില്‍ ബിജെപി അനുകൂല മനോഭാവത്തിലെത്തിക്കാന്‍ മോദിക്ക് സാധിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത ഹൈന്ദവ രാഷ്ട്രീയത്തോട് മമത കാട്ടാന്‍ പനീര്‍ ശെല്‍വം-പളനി സ്വാമി പക്ഷത്തെ പ്രേരിപ്പിച്ചത് അഴിമതി കഥകളുടെ ഭീഷണിയാണ്. വിഘടിച്ചുനിന്ന ശശികല - ദിനകരന്‍ പക്ഷത്തിന് കേന്ദ്ര ഏജന്‍സികളുടെ റെയിഡുകള്‍ ഒഴിഞ്ഞ സമയമില്ല. അഴിമതിക്കെതിരെയുള്ള യുദ്ധം ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവും ആകാതിരുന്നെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗുണപ്രദമായേനെ.
ബാങ്കില്‍ പണമിട്ടാല്‍ നീരവ് മോഡിയെയും വീട്ടില്‍ പണം സൂക്ഷിച്ചാല്‍ നരേന്ദ്ര മോഡിയെയും പേടിക്കണമെന്ന് പരിഹസിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിവ്വ് കോടികള്‍ തട്ടി നീരവ് മോഡി രാജ്യം വിട്ട സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ സന്ദേശത്തിലാണ് പരിഹാസം. നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജ്യൂവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസിനേക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.
RECENT POSTS
Copyright © . All rights reserved