ബാങ്കില്‍ പണമിട്ടാല്‍ നീരവ് മോഡിയെയും വീട്ടില്‍ പണം സൂക്ഷിച്ചാല്‍ നരേന്ദ്ര മോഡിയെയും പേടിക്കണമെന്ന് പരിഹസിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിവ്വ് കോടികള്‍ തട്ടി നീരവ് മോഡി രാജ്യം വിട്ട സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ സന്ദേശത്തിലാണ് പരിഹാസം.

നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും
മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജ്യൂവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസിനേക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.