Price
ജനുവരിയില്‍ യുകെയുടെ നാണ്യപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ അനുസരിച്ച് ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.8 ശതമാനമാണ്. ഡിസംബറില്‍ ഇത് 2.1 ശതമാനമായിരുന്നു. ഉയര്‍ന്ന വിമാന യാത്രാ, ചരക്ക് നിരക്കുകള്‍ കാരണമായിരുന്നു ഡിസംബറില്‍ സിപിഐ നിരക്ക് ഉയര്‍ന്നു നിന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചതിലും ഏറെയായിരുന്നു ഈ നിരക്കെന്നാണ് റിപ്പോര്‍ട്ട്. 2017 നവംബറിലായിരുന്നു നാണ്യപ്പെരുപ്പ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയത്. 3.1 ശതമാനമായിരുന്നു ഇത്. ഇതിനു മുമ്പ് 2017 ജനുവരിയില്‍ 1.8 ശതമാനം രേഖപ്പെടുത്തിയിരുന്നു. ജനുവരിയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് അനുസരിച്ച് നാണ്യപ്പെരുപ്പം 2 ശതമാനമായി താഴുമെന്ന് സാമ്പത്തിക വിദ്ഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവു മൂലമാണ് നാണ്യപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ ഇന്‍ഫ്‌ളേഷന്‍ വിഭാഗം തലവന്‍ മൈക്ക് ഹാര്‍ഡി പറഞ്ഞു. ഫെറി ടിക്കറ്റ് നിരക്കുകളും വിമാന നിരക്കുകളും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ സാവധാനമാണ് കുറയുന്നതെങ്കിലും ഇത് സാധ്യമാകുന്നുണ്ട്. ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ് നാണ്യപ്പെരുപ്പം കുറയാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരിധി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ സിപിഐ നിരക്കുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കുമിടയില്‍ പെട്രോള്‍ വിലയില്‍ 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായതാണ് ഇതിന് കാരണം. ഹോട്ടല്‍, റെസ്‌റ്റോറന്റ് നിരക്കുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ വില തുടങ്ങിയവയും മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും നാണ്യപ്പെരുപ്പം കുറയാന്‍ കാരണമായിട്ടുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു. പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.
നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ഭക്ഷ്യവില ഉയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നറിയിപ്പ്. ഭക്ഷ്യവിലയില്‍ 12 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കമുതി ചെയ്യുന്ന ചീസിന് 44 ശതമാനം വില വര്‍ദ്ധിക്കും. ബീഫിന് 40 ശതമാനവും ചിക്കന് 22 ശതമാനവും വില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യം ട്രഷറി ഗൗരവത്തോടെയാണ് കാണുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയുടെ ശരാശരി താരിഫ് 22 ശതമാനമായിരിക്കുമെന്ന് ഒരു മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ പറയുന്നു. നോ ഡീല്‍ സാഹചര്യമാണ് ഉരുത്തിരിയുന്നതെങ്കില്‍ ലോക വ്യാപാര സംഘടനയുടെ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം തുടരാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായിത്തീരും. ഈ സാഹചര്യത്തില്‍ പല ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും താരിഫ് വന്‍തോതില്‍ ഉയരും. ലോക വ്യാപാര സംഘടനയുടെ ചട്ടം നടപ്പായാല്‍ ഒന്നും സംഭവിക്കില്ലെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് തലവന്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലൂടെയുള്ള ചരക്കു കടത്തില്‍ കാലതാമസമുണ്ടാകുമെന്നും സൂചനയുണ്ട്. ബ്രിട്ടന്റെ വിദേശനാണ്യ ശേഖരം യൂറോ ആക്കി മാറ്റിയെന്ന വിവരത്തിനു ശേഷം വരുന്ന ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇത്. യൂറോയുടെ സ്ഥിരതയാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നാണ് ചിലര്‍ വിശദീകരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ പ്രകാരം വിദേശനാണ്യ ശേഖരത്തില്‍ ഇപ്പോള്‍ ഡോളറിനേക്കാള്‍ യൂറോയ്ക്കാണ് പ്രാമുഖ്യമുള്ളത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമുണ്ടായ അവസ്ഥാവിശേഷമാണ് ഇത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇതെന്ന് മുന്‍ ഷാഡോ ചാന്‍സലറും പീപ്പിള്‍സ് വോട്ട് എന്ന ക്യാംപെയിന്‍ സപ്പോര്‍ട്ടറുമായ ക്രിസ് ലെസ്ലി പറയുന്നു.
യുകെ ഹൗസിംഗ് മാര്‍ക്കറ്റില്‍ നിലവിലുള്ള ശാന്ത സ്വഭാവം സമ്മറിലും തുടരുമെന്ന് നേഷന്‍വൈഡ് ഹൗസിംഗ് സൊസൈറ്റി. വീട്, പ്രോപ്പര്‍ട്ടി വിലയിലുണ്ടാകുന്ന വാര്‍ഷിക വര്‍ദ്ധനവ് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നില്‍ക്കുന്നത്. വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വില്‍പനയ്ക്കായെത്തുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും നേഷന്‍വൈഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വെറും രണ്ട് ശതമാനം മാത്രമാണ് ഹൗസ് പ്രൈസിലുണ്ടായ വര്‍ദ്ധന. ജൂണിലേതിനേക്കാള്‍ മെയ് മാസത്തില്‍ വില അല്‍പം ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മാസാമാസമുണ്ടായ വര്‍ദ്ധന 0.5 ശതമാനമായിരുന്നു. ഇതിലൂടെ ശരാശരി വീടുവില 215,444 പൗണ്ടിലെത്തി. കഴിഞ്ഞ 12 മാസങ്ങളില്‍ വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുണ്ടായ സന്തുലനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറയുന്നു. 2018ല്‍ വീടുവില 1 ശതമാനം മാത്രമേ വര്‍ദ്ധിക്കാനിടയുള്ളുവെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലണ്ടനിലെ ഹൗസ് പ്രൈസ് ഇടിഞ്ഞിട്ടുണ്ടെന്ന് നേഷന്‍വൈഡ് മോര്‍ട്ട്‌ഗേജ് ഡേറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയത്. യുകെയില്‍ ഈ കാലയളവില്‍ ഹൗസ് പ്രൈസില്‍ ഇടിവ് രേഖപ്പെടുത്തിയ ഏക പ്രദേശവും ലണ്ടനായിരുന്നു. എങ്കിലും 2007നേക്കാള്‍ 50 ശതമാനം ഉയര്‍ന്ന പ്രോപ്പര്‍ട്ടി വാല്യുവായിരുന്നു അതേസമയത്ത് ലണ്ടനിലുണ്ടായിരുന്നത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.
RECENT POSTS
Copyright © . All rights reserved