Racism
ലണ്ടന്‍: യു.കെയിലെ എത്തിനിക് ന്യൂനപക്ഷങ്ങള്‍ തൊഴില്‍ മേഖലയില്‍ കടുത്ത വിവേചനങ്ങള്‍ നേരിടുന്നതായി പഠനം. 1960 കാലഘട്ടങ്ങളിലുണ്ടായിരുന്ന വിവേചനങ്ങള്‍ അതേപടി 2019ലും നിലനില്‍ക്കുന്നതായിട്ടാണ് പഠനം വ്യക്തമാക്കുന്നത്. പുതിയ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ബ്രിട്ടന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന. ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്തള്ളപ്പെടുന്നവരില്‍ കൂടുതല്‍ കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഷ്യക്കാരില്‍ ഏറ്റവും വംശീയ വിദ്വേഷം നേരിടേണ്ടിവരുന്നത് പാകിസ്ഥാനികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമാന യോഗ്യതകളുണ്ടായിട്ട് പോലും ഏഷ്യക്കാരെയോ കറുത്ത വംശജരെ തൊഴില്‍ വിപണിയില്‍ സമത്വപൂര്‍ണമായി പരിഗണിക്കപ്പെടുന്നില്ല. ന്യൂഫീല്‍ഡ് കോളേജിലെ (യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്) സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് വിദഗ്ദ്ധരാണ് ഗവേഷണം നടത്തിയിരിക്കുന്നത്. 1960കളില്‍ രാജ്യത്ത് നിലനിന്നിരുന്ന അതീവ ഗുരുതരമായ വര്‍ണ വിവേചന രീതികളില്‍ നിന്ന് ഒട്ടും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. യു,കെയുടെ സാമ്പത്തിക ശാക്തീകരണത്തിന് നിലവില്‍ കറുത്തവംശജരുടെയും ഏഷ്യക്കാരുടെയും പിന്തുണ അനിവാര്യമാണ്. മിക്ക മേഖലകളിലും കുടിയേറ്റ ജനതയുടെ വലിയ പങ്കാളിത്വമുണ്ട്. അതേസമയം വൈറ്റ് കോളര്‍ ജോലികളിലേക്ക് എത്തിപ്പെടാന്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ കടമ്പകളേറെ പിന്നിട്ടിരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. വിദ്യഭ്യാസമോ, പ്രവൃത്തി പരിചയമോ, ജോലിയിലുള്ള പ്രാവീണ്യമോ ആയിരുന്നില്ല പരിഗണിക്കപ്പെട്ടിരുന്നതെന്ന് പഠനം പറയുന്നു. വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ അയക്കുന്നതിലും 80 ശതമാനം കൂടുതല്‍ ജോലി അപേക്ഷകള്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ അയക്കേണ്ടിവകരുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനികളോടുള്ള മനോഭാവത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി മാറ്റമുണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതും നമ്മെ വിഷമിപ്പിക്കുന്നമാണ്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നിര്‍ത്തലാക്കാന്‍ നാം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അന്തോണി ഹീത്ത് അഭിപ്രായപ്പെട്ടു.
ഏഷ്യന്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കേണ്ടെന്ന് പറഞ്ഞ രോഗിയെ നിശബ്ദനാക്കുന്ന മറുപടി നല്‍കിയ റിസപ്ഷനിസ്റ്റിനെ പുകഴ്ത്തി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍. ഡോ.പൂനം ക്രിഷന്‍ ആണ് റിസപ്ഷനിസ്റ്റിനെയും തന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ടീമിനെയുെ ട്വിറ്റര്‍ സന്ദേശത്തില്‍ പുകഴ്ത്തിയത്. ഗ്ലാസ്‌ഗോയിലെ ഒരു ജിപി സര്‍ജറിയിലാണ് സംഭവമുണ്ടായത്. ഡോ. പൂനം ആണ് ഇവിടെ ജനറല്‍ ഫിസിഷ്യന്‍. ജിപിയിലെത്തിയ ഒരു രോഗി റിസപ്ഷനിസ്റ്റിനോട് ഏഷ്യക്കാരിയായ ഡോക്ടര്‍ തന്നെ പരിശോധിക്കേണ്ടെന്ന് പറഞ്ഞു. പൂനം സ്‌കോട്ട്‌ലന്‍ഡ് കാരിയാണെന്ന് റിസപ്ഷനിസ്റ്റ് മറുപടി നല്‍കിയപ്പോള്‍ അവരെ കണ്ടാല്‍ സ്‌കോട്ടിഷ് ആണെന്ന് തോന്നില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡുകാരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന റിസപ്ഷനിസ്റ്റിന്റെ മറുചോദ്യത്തില്‍ നിശബ്ദനായ രോഗി അപ്പോയിന്റ്‌മെന്റ് കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സംഭവം സംഭാഷണത്തിന്റെ രൂപത്തിലാണ് ഡോ.പൂനം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത്തരം പെരുമാറ്റം രോഗികളില്‍ നിന്ന് ആദ്യമായല്ല തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പൂനം പറഞ്ഞു. ഇതിന് സ്ഥലമോ കാരണമോ ഒന്നും പ്രശ്‌നമാകുന്നില്ല. മിക്കപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ അതേക്കുറിച്ച് സംസാരിക്കുന്നത് വളരെ വിരളമായിരിക്കുമെന്ന് പൂനം ബിബിസിയോട് പറഞ്ഞു. ദി സ്‌കോട്ട്‌സ്മാനില്‍ ഇവര്‍ കഴിഞ്ഞ സമ്മറില്‍ എഴുതിയ ഒരു ലേഖനത്തിന് വംശീയ കമന്റുകള്‍ കുമിഞ്ഞു കൂടിയതോടെ വെബ്‌സൈറ്റിലെ കമന്റ് ബോക്‌സ് അടച്ചിടേണ്ടി വന്നു. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ ഇതിന്റെ അനുബന്ധമായി എഴുതിയ ലേഖനത്തിനും ഇതേ അനുഭവം തന്നെയായിരുന്നു. ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തിലൂടെ തന്റെ അഭിമാനം ഉയര്‍ന്നിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ട്വീറ്റിന് 54000ത്തിലേറെ ലൈക്കുകളും 8400 റീട്വീറ്റുകളുമാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്. സ്‌കോട്ട്‌ലന്‍ഡാണ് എന്റെ വീട്. മനോഹരമായ, സാംസ്‌കാരിക വൈവിധ്യമുള്ള രാജ്യം. എന്‍എച്ച്എസ് പോലെയുള്ള സംവിധാനത്തിനു വേണ്ടി ഈ വൈജാത്യങ്ങളെല്ലാം മറന്ന് നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. രോഗങ്ങള്‍ക്ക് ലിംഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറയുന്നു. പൂനത്തിന്റെ ട്വീറ്റിനെ പ്രശംസിച്ച് എന്‍എച്ച്എസ് മില്യന്‍ രംഗത്തെത്തിയിട്ടുണ്ട്. ഏതു വംശത്തില്‍ നിന്നുള്ളവരായാലും എന്‍എച്ച്എസ് ജീവനക്കാര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് മില്യന്‍ ട്വീറ്റ് ചെയ്തു.
കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കാന്‍ കാരണം വംശീയാതിക്രമങ്ങള്‍ ആകാമെന്ന് വെളിപ്പെടുത്തല്‍. ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യൂണിവേഴ്‌സിറ്റികളിലുണ്ടാകുന്ന വംശീയാധിക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്ന് മുമ്പുള്ളതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും വെളുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളേക്കാള്‍ കുറഞ്ഞ ഗ്രേഡുകളാണ് കരസ്ഥമാക്കുന്നത്. ബ്ലാക്ക് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും കൂടുതലാണ്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രാപ്തിയില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ തങ്ങളെപ്പോലുള്ളവര്‍ക്കുള്ളതല്ലെന്നുമുള്ള തോന്നലാണ് പ്രധാനമായും ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഇഎച്ച്ആര്‍സി പറയുന്നു. ക്യാംപസുകളില്‍ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കകള്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെ കറുത്തവരും ന്യൂനപക്ഷക്കാരുമായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഇഎച്ച്ആര്‍സി വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത്. അല്ലാത്തവ യൂണിവേഴ്‌സിറ്റികള്‍ മറച്ചു വെക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ശിക്ഷിക്കപ്പെട്ടത് ഈ വര്‍ഷം ആദ്യമാണ്. ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.
ഇസ്ലാമോഫോബിയയില്‍ നിന്ന് സമ്പൂര്‍ണ്ണ നിയമ പരിരക്ഷ ആവശ്യപ്പെട്ട് മുസ്ലീം സമൂഹം. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും പ്രധാനമന്ത്രി തെരേസ മേയോടും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് മുസ്ലീം സംഘടനകള്‍. ഇക്കാര്യത്തില്‍ വഴങ്ങാതെ ഹോം ഓഫീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. ഹഡേഴ്‌സ്ഫീല്‍ഡില്‍ സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ മര്‍ദ്ദനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും മറ്റ് ഇസ്ലാമിക് സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ കണ്‍സര്‍വേറ്റീവും ലേബറും മുന്‍കയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ നടന്ന വംശീയാക്രമണത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കാനുള്ള നിര്‍ദേശം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച സര്‍വകക്ഷി എംപിമാരുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്. ഇസ്ലാമോഫോബിയ വംശീയതയില്‍ അധിഷ്ഠിതമാണെന്നും ഇസ്ലാമികതയുടെ സൂചകങ്ങളെയും സംവേദനദങ്ങളെയുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് നിര്‍വചിക്കുന്നു. ഈ നിര്‍വചനം അംഗീകരിച്ചുകൊണ്ട് ഒരു അനുകൂല നിലപാട് എടുക്കണമെന്നും കമ്യൂണിറ്റിയെ കേള്‍ക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും മുസ്ലീം കൗണ്‍സില്‍ ബ്രിട്ടന്‍ സെക്രട്ടറി ജനറല്‍ ഹാരൂണ്‍ ഖാന്‍ പറയുന്നു. ഈ നിര്‍വചനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തേ ഒരു ഹോം ഓഫീസ് മിനിസ്റ്റര്‍ പറഞ്ഞിരുന്നത്. ഇസ്ലാമോഫോബിയയ്ക്ക് പല നിര്‍വചനങ്ങളുമുണ്ടാകും, ഒരു പ്രത്യേക നിര്‍വചനം നാം അംഗീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് എംപി അന്ന സൗബ്രി കോമണ്‍സില്‍ പറഞ്ഞത്. ഇസ്ലാമോഫോബിയ തിരിച്ചറിയാനായിട്ടുണ്ട. അത്തരം വംശീയ കുറ്റകൃത്യങ്ങളില്‍ കൃത്യമായ നിരീക്ഷണത്തിനും നടപടികള്‍ക്കും സംവിധാനമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്ന ഹോം ഓഫീസ് നടപടി വംശീയതയെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍. കുറഞ്ഞ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചാല്‍ ഗൗരവമില്ലാത്തതും യുക്തിരഹിതവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവ ഹോം ഓഫീസ് നിരസിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ പരാതിപ്പെടുത്തുന്നവരെ ഭയപ്പെടുത്തുന്ന തന്ത്രമാണ് ഹോം ഓഫീസ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ പരാതി പിന്‍വലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മറ്റൊരു സ്‌പെഷ്യലിസ്റ്റ് ലോയര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഹോം ഓഫീസ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ക്യൂബ, വിയറ്റ്‌നാം, ഫിജി, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിസിറ്റിംഗ് വിസയ്ക്കായി ലഭിച്ച അപേക്ഷകള്‍ അകാരണമായി നിരസിച്ച ഒരുഡസന്‍ സംഭവങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോം ഓഫീസ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരമുള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനും അഭിഭാഷകനും ബാരിസ്റ്ററുമായ ഏഡ്രിയന്‍ ബെറി പറഞ്ഞു. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹ്രസ്വകാല സന്ദര്‍ശക വിസകളിലുള്ള അനൗദ്യോഗിക വിലക്കിനെതിരെ ഇമിഗ്രേഷന്‍ ലോയര്‍മാരും ക്യാംപെയിനര്‍മാരും എംപിമാരും രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള തന്റെ കുട്ടികളെ പരിചരിക്കുന്നതിനായി വിസയ്ക്ക് അപേക്ഷിച്ച ബംഗ്ലാദേശി പിതാവിന്റെ അപേക്ഷ നിരസിച്ചതും സഹോദരിയുടെ വിവാഹത്തിനെത്താന്‍ ശ്രമിച്ച നൈജീരിയക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും പ്രത്യക്ഷ വംശീയതയാണ് ഇതെന്നുമാണ് വിമര്‍ശനം.
RECENT POSTS
Copyright © . All rights reserved