Sajid Javid
ഇംഗ്ലീഷ് ചാനല്‍ കടന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നതിന് തടയിടാന്‍ ഒരുക്കിയ 'കനത്ത സുരക്ഷ' പരാജയം. നിരീക്ഷണം തുടരുന്നതിനിടെ ആറ് ഇറാനിയന്‍ അഭയാര്‍ത്ഥികള്‍ കെന്റ് തീരത്തെത്തി. കഴിഞ്ഞ മൂന്നാഴ്ചകളിലായി ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്താന്‍ അഭയാര്‍ത്ഥികള്‍ നടത്തിയ ഡസന്‍ കണക്കിന് ശ്രമങ്ങള്‍ ബോര്‍ഡര്‍ ഫോഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ സായുധ സേനയെ നിയോഗിച്ചത്. ക്രിസ്തുമസ് ദിവസം മാത്രം 66 അഭയാര്‍ത്ഥികളാണ് ഇഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനാണ് സേനയെ നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസ് പ്രതികരിച്ചത്. ഇന്നലെ രാവിലെയാണ് സുരക്ഷാ സന്നാഹങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് ആറ് ഇറാന്‍ പൗരന്‍മാര്‍ കെന്റിലെ കിംഗ്‌സ്ഡൗണില്‍ ഒരു ഡിങ്കിയില്‍ വന്നിറങ്ങിയത്. തീരത്തെത്തിയ ശേഷമാണ് ഇവരെ ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ പിടികൂടിയത്. അഭയാര്‍ത്ഥി വിഷയത്തില്‍ ഹോം സെക്രട്ടറിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഡാഡ്‌സ് ആര്‍മി നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ സഫാരിക്കു പോയ സാജിദ് ജാവീദ് യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലം തേടുന്നവരെയും അപകടത്തില്‍ പെടുന്നവരെയും സഹായിക്കാനും സൗഹൃദഹസ്തം നീട്ടാനും മനുഷ്യത്വം കാട്ടാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അഭയാര്‍ത്ഥി വിഷയത്തില്‍ ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ചാനല്‍ കടന്ന് യുകെയില്‍ എത്തിയാലും അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സൗകര്യമൊരുക്കില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ജാവീദിന് അടുത്ത പ്രധാനമന്ത്രിയാകാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുന്‍ യുകിപ് നേതാവ് നിഗല്‍ ഫരാഷും പ്രതികരിച്ചു. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് ഫ്രാന്‍സില്‍ നിന്നുള്ള ബോട്ടുകള്‍ തടയാനാണ് നീക്കം നടക്കുന്നത്. അനധികൃത ബോട്ടുകളിലും ഡിങ്കികളിലുമാണ് ഫ്രാന്‍സില്‍ നിന്ന് അഭയാര്‍ത്ഥികള്‍ യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ലണ്ടന്‍: വിവാദ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ഹോം സെക്രട്ടറി സാജിദ് ജാവിദ്. പാകിസ്ഥാന്‍ വംശജരായ ചിലര്‍ രാജ്യത്ത് ഗ്യാംഗുകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഹോം സെക്രട്ടറി ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഏഷ്യന്‍ വംശജരായ പീഡോഫീലുകള്‍ അവസാനം നീതിപീഠത്തിന് മുന്നിലെത്തിയിരിക്കുന്നുവെന്നായിരുന്നു ഹോം സെക്രട്ടറിയുടെ ട്വീറ്റ്. ഏഷ്യന്‍ വംശജരെന്ന പ്രസ്താവന ഒരു സംസ്‌ക്കാരത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി റേഡിയോ-4 നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഗ്യാംഗ് അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ജനങ്ങള്‍ സുരക്ഷയൊരുക്കുകയെന്നത് എന്നില്‍ അര്‍പ്പിക്കപ്പെട്ട കടമയുമാണ്. അതിനാല്‍ ഇത്തരം ഗ്യാംഗുകളെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സാജിദ് ജാവിദ് വ്യക്തമാക്കി. ഹഡ്ഡര്‍സ്ഫീല്‍ഡില്‍ 20 അംഗങ്ങള്‍ അടങ്ങിയ ഗ്യാംഗ് ചെറിയ കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തോടെയാണ് രൂക്ഷ പ്രതികരണവുമായി സാജിദ് ജാവിദ് രംഗത്ത് വന്നത്. ഇവരെക്കുറിച്ചാണ് ഏഷ്യക്കാരായ പീഡോഫീലുകള്‍ എന്ന് ഹോം സെക്രട്ടറി പ്രസ്താവനയിറക്കിയതെങ്കിലും ഏഷ്യക്കാരെന്ന വാക്ക് കുടിയേറ്റ വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സാജിദ് ജാവിദ് പാക് വംശജനാണ് എന്നിട്ട് പോലും ഏഷ്യന്‍ സംസ്‌ക്കാരത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. രാജ്യത്ത് ഗ്യാംഗുകളെ വളര്‍ത്തിയെടുക്കുന്നതില്‍ പാക് വംശജരുടെ പങ്ക് വലുതാണെന്ന് ഹോം സെക്രട്ടറി പറയുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. പാക് വംശജരുടെ ഇത്തരം അക്രമവാസനയ്ക്ക് പിന്നില്‍ സാംസ്‌ക്കാരികമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന് റേഡിയോ-4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കൃത്യമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ രാജ്യം നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ പ്രവേശിക്കണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കേണ്ടി വരും. ടെലഗ്രാഫാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുറത്തിറക്കാനിരിക്കുന്ന മൈഗ്രേഷന്‍ ധവളപത്രത്തില്‍ ഇതു സംബന്ധിച്ച് നിര്‍ദേശമുണ്ടെന്നാണ് വിവരം. ധവളപത്രം വൈകുന്നത് ക്യാബിനറ്റില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പദ്ധതികള്‍ പുറത്തു വിട്ടേക്കും. അഞ്ചു വര്‍ഷത്തെ വിസയില്‍ യൂറോപ്പില്‍ നിന്നുള്ള വിദഗ്ദ്ധ മേഖലയിലെ ജീവനക്കാര്‍ യുകെയില്‍ എത്തണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുള്ള ജോലി ലഭിച്ചതായി കാണിക്കണം. അതേസമയം ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിസ അനുവദിക്കാനും വ്യവസ്ഥയുണ്ട്. ജോലിയുണ്ടായിരിക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇവര്‍ രാജ്യം വിടണം. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ തിരികെ വരാന്‍ സാധിക്കുകയുള്ളു. കോമണ്‍സില്‍ അവതരിപ്പക്കപ്പെട്ടപ്പോള്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികള്‍ പിന്താങ്ങിയ ബില്ലാണ് ഇത്. 2020 ഡിസംബറിനു ശേഷം മാത്രമേ ഇത് നിലവില്‍ വരികയുള്ളു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി ബില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നതെന്ന് ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു. പുതിയ സംവിധാനം വൈദഗ്ദ്ധ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഹോം സെക്രട്ടറി ബിബിസിയോട് പറഞ്ഞിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കിടയില്‍ നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ഇത്. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും വ്യക്തികളും സ്ഥാപനങ്ങളുമായി സംസാരിക്കുകയുമാണ് ചെയ്യുന്നതെന്നും സാജിദ് ജാവീദ് വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയിലും ശമ്പള പരിധി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തെരേസ മേയ് പറഞ്ഞിരുന്നു.
ഹോം സെക്രട്ടറി സാജിദ് ജാവീദ് യുകെയെ അപകടകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് വിമര്‍ശനം. ഇരട്ട പൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയാനുള്ള തീരുമാനത്തിലാണ് ഒരു മുന്‍നിര മനുഷ്യാവകാശ സംഘടന ഈ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സിലാണ് ഇരട്ട പൗരത്വമുള്ള കുറ്റവാളികളുടെയും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചവരുടെയും ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുമെന്ന് ജാവീദ് പറഞ്ഞത്. വിദേശത്തെത്തി തീവ്രവാദികളെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്ന സമ്പ്രദായം നിലവിലുണ്ട്. ഇതിനായി നോട്ടീസ് പോലും നല്‍കേണ്ടതില്ല. ഈ രീതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ലിബര്‍ട്ടി എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ തീരുമാനത്തില്‍ ഹോം സെക്രട്ടറിക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്ന് ലിബര്‍ട്ടിയുടെ ആക്ടിംഗ് ഡയറക്ടറായ കോറി സ്‌റ്റോട്ടണ്‍ പറഞ്ഞു. ഹോം സെക്രട്ടറി വളരെ അപകടകരമായ മാര്‍ഗത്തിലൂടെയാണ് നമ്മെ നയിക്കുന്നത്. പുതിയ തീരുമാനത്തിന് ഇരയാകുന്നവര്‍ക്കു നേരെ ആരുടെയും സഹതാപം ഉയരില്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ കുറ്റവാളികളെ മറ്റു രാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റാനുള്ള തീരുമാനം ഉത്തരവാദിത്തമില്ലായ്മയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കൈ കഴുകുകയാണ് ഇത്തരമൊരു നയരൂപീകരണത്തിലൂടെ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ആളുകളെ രാജ്യത്തു നിന്നു തന്നെ ഉപരോധിക്കുന്നത് ഒരു പഴയ ശിക്ഷാ സമ്പ്രദായമാണ്. 2018ല്‍ അതിന് ഇടമില്ല. പൗരത്വം എടുത്തു കളയുന്നത് ഒരു ശിക്ഷാരീതിയായി സ്വീകരിക്കുന്നത് നാമെല്ലാം ഭാവിയിലേക്ക് നിദ്രാടനം നടത്തുന്നതിന് തുല്യമാണ്. ഇനിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പൗരത്വം എടുത്തു കളയുന്നത് ശിക്ഷയായി മാറാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. 2010 മുതല്‍ 2015 വരെ 33 പേരുടെ ബ്രിട്ടീഷ് പൗരത്വം ഹോം ഓഫീസ് എടുത്തു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.
RECENT POSTS
Copyright © . All rights reserved