ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖര്‍ തിവാരിയെ കൊലപാതകത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അപൂർവ അറസ്റ്റിലായി. വലിയ വിവാദമായ കേസിലെ പ്രതി ഭാര്യയാണെന്ന കണ്ടെത്തൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് തെക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് താന്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ സമ്മതിച്ചതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. രാത്രി മുറിയില്‍ കടന്നുചെന്ന അപൂര്‍വ സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതത്രേ. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് ഭാര്യയുടെ ആക്രമണം ചെറുക്കാനായില്ല. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം ശാരീരികമായി രോഹിത് ദുര്‍ബലനുമായിരുന്നു. ഒന്നരമണിക്കൂറിനുള്ളിലാണ് സംഭവങ്ങളെല്ലാം നടന്നത്.
കൊലപാതക വിവരം പുറത്തറിഞ്ഞതിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളും അപൂര്‍വ നടത്തിയിരുന്നു.

അപൂര്‍വയും രണ്ടു വീട്ടുജോലിക്കാരും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ നിരന്തരമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടക്കുമ്പോൾ അപൂര്‍വയ്ക്കു പുറമെ രോഹിതിന്റെ ഇരട്ടസഹോദരന്‍ സിദ്ധാര്‍ഥും മുന്നു വീട്ടുജോലിക്കാരും വീട്ടിലുണ്ടായിരുന്നു. പുറത്തുനിന്ന് ഒരാള്‍ വന്ന് കൃത്യം നടത്താനുള്ള സാധ്യത തുടക്കത്തില്‍ത്തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചതും.

അഭിഭാഷകനായ രോഹിത് 2015 മുതല്‍ രണ്ടുവര്‍ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉപദേശകനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തിവാരി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു താമസവും. രോഹിത് തന്റെ മകനാണെന്ന് തിവാരി തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. രോഹിത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പിതൃത്വം തെളിയിച്ചത്. ഉജ്ജ്വലയാണ് രോഹിതിന്റെ അമ്മ. പിതൃത്വക്കേസ് തെളിഞ്ഞതിനുശേഷം 2012 ലാണ് തിവാരി ഉജ്ജ്വലയെ വിവാഹം ചെയ്തത്.