ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡ് സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനാ ആവശ്യം നിരാകരിച്ചതിനു പിന്നാലെ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനുമായി തെരേസ മേയ് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നാണ് സൂചന. യുകെയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് എഡിന്‍ബര്‍ഗ് പാര്‍ലമെന്റ് ആവശ്യമുന്നയിക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ് കൂടിക്കാഴ്ച. ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കാനായി ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മേയ്യ ഈ ഘട്ടത്തിലാണ് സ്വാതന്ത്യത്തിനായുള്ള മുറവിളി സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ഉയരുന്നത്.
അടുത്ത വര്‍ഷം ഹിതപരിശോധന നടത്താനുള്ള നീക്കമാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് നടത്തുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാതെ അംഗീകരിക്കാന്‍ ആവില്ലെന്നാണ് മേയ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു മുമ്പ് സ്‌കോട്ടലന്‍ഡില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് മേയ് എത്തുന്നത്. ബുധനാഴ്ച ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. സ്‌കോട്ടിഷ് പാര്‍ലമെന്റ് നാളെയാണ് ഹിതപരിശോധനാ വിഷയത്തില്‍ വോട്ടിംഗ് നടത്താനിരിക്കുന്നത്.