ലണ്ടൻ: എല്ലാവരും ഉറ്റുനോക്കിയ വാർത്താസമ്മേനം ബ്രിട്ടീഷ് പ്രധാനമന്ത്രി വളരെ വിഷമത്തോടെ തന്നെ നമ്മളെ എല്ലാവരെയും അറിയിച്ചിരിക്കുന്നു. ഭൂരിപക്ഷം വരുന്ന യുകെ ജനത വിചാരിച്ചതുപോലെ കർശനമായ നിർദ്ദേശങ്ങൾ ആണ് ഇന്ന് ബോറിസ് ജോൺസൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഒരു പ്രധാനമന്ത്രിക്കും ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഉണ്ടാകരുത് എന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു. കോബ്ര മീറ്റിങ്ങിന് ശേഷം വാർത്താസമ്മേനത്തിൽ പറഞ്ഞ തീരുമാനങ്ങൾ ഇങ്ങനെ…

ഇന്ന് രാത്രി മുതൽ ബ്രിട്ടനിലെ ജനത്തിന് അനാവശ്യമായി വീടിന്   പുറത്തുപോകുവാൻ അനുവാദമില്ല. അതായത് ഒരു വീട്ടിലെ നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ വാങ്ങുന്നതിന് മാത്രം. ഒരു ദിവസത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു വ്യായാമത്തിന് മാത്രമേ പുറത്തുപോകുവാൻ അനുവാദമുള്ളൂ. അതോടൊപ്പം തന്നെ ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള ജോലിയെങ്കിൽ മാത്രം പോയി വരാൻ അനുവദിക്കുന്നു.

ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന അംഗങ്ങൾ അല്ലാതെ മറ്റൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഇന്ന് മുതൽ അനുവദിക്കുന്നില്ല. അതായത് കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുമായുള്ള കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.

ഷോപ്പിംഗ് എന്നത് നിത്യോപയോക സാധനങ്ങൾ, മരുന്ന് എന്നിവ മാത്രമാക്കി ചുരുക്കിയിരിക്കുന്നു. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇത് ലംഘിക്കുന്നവർക്ക് എതിരെ നടപടി എടുക്കുവാൻ പോലീസിന് അധികാരം ഉണ്ടായിരിക്കും. അനുസരിക്കാൻ വിമുഖത കാണിച്ചാൽ ഫൈൻ അടിച്ചു കിട്ടുവാനും സാധ്യത.

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും ഇന്ന് രാത്രി മുതൽ തുറക്കാൻ പാടുള്ളതല്ല. എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളും, വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഇന്ന് രാത്രി മുതൽ അടച്ചിടുന്നു

ലൈബ്രറി, കളിസ്ഥലങ്ങൾ, പുറത്തുള്ള ജിമ്മുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും തുറക്കാൻ പാടുള്ളതല്ല.

പൊതുസ്ഥലത്തു രണ്ടു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല … കുടുംബാംഗങ്ങൾ ഒഴിച്ച്

എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു .. മാമ്മോദീസ, വിവാഹം എന്നിവ ഇതിൽപ്പെടുന്നു. ശവസംസ്ക്കാരം നടത്തുന്നതിന് തടസ്സമില്ല.

പാർക്കുകൾ വ്യായാമത്തിന് വേണ്ടി തുറന്നു നൽകുമെങ്കിലും കൂട്ടം ചേരുവാൻ അനുവാദമില്ല.

മൂന്നാഴ്ചത്തേക്ക് ആണ് ഈ നിർദ്ദേശങ്ങൾ… ഓരോ ദിവസവും കൂടുതൽ നിർദ്ദേശങ്ങളും ചിലപ്പോൾ മാറ്റങ്ങളും ഉണ്ടാകാം. രോഗത്തിന്റെ സ്ഥിതി മെച്ചെപ്പെടുകയെങ്കിൽ ഇതിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.

യുകെ മരണ സംഖ്യ 335 ആയി. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു.