കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് .

പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്.

മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്.

അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി.

എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്.

പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.

ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.