സ്വന്തം ലേഖകന്‍
കേംബ്രിഡ്ജ്: നിര്‍ണ്ണായക തീരുമാനങ്ങളുമായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ജനറല്‍ ബോഡി യോഗം സമാപിച്ചു. 31/01/2016 ശനിയാഴ്ച കേംബ്രിഡ്ജില്‍ വച്ച് ചേര്‍ന്ന യുക്മ  ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ജനറല്‍ ബോഡി യോഗമാണ് റീജിയന്റെ സുഗമമായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയ രഞ്ജിത് കുമാര്‍ അസുഖ ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയതിനാല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ ആയിരുന്നു റീജിയന്റെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം കൂടിയത്.

റീജിയണല്‍ ജനറല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ ഇത് വരെയുള്ള റീജിയന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ടിന് ശേഷം ട്രഷറര്‍ അലക്സ് ലൂക്കോസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി.

തുടര്‍ന്ന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിയ സണ്ണിമോന്‍ മത്തായി തന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കലാമേളയും കായികമേളയും നേപ്പാള്‍ ചാരിറ്റി അപ്പീലും വന്‍വിജയമാക്കി തീര്‍ക്കാന്‍ സഹായിച്ച റീജിയണിലെ മുഴുവന്‍ അസോസിയേഷനുകള്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞു. റീജിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രോഗ്രാമുകള്‍ വിജയിപ്പിക്കുവാന്‍ പ്രയത്നിച്ച എല്ലാവരുടെയും പ്രത്യേകിച്ച് സെക്രട്ടറി ഓസ്റ്റിന്‍ ഫെര്‍ണാണ്ടസ്, നാഷണല്‍ കമ്മറ്റി മെമ്പറും കലാമേള കോര്‍ഡിനേറ്ററും ആയ തോമസ്‌ മാറാട്ട്കളം, ട്രഷറര്‍ അലക്സ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ലിസി അഗസ്റ്റിന്‍ എന്നിവരുടെ കഠിനാധ്വാനം എടുത്ത് പറയേണ്ടതാണ് എന്നും സണ്ണിമോന്‍ മത്തായി പറഞ്ഞു. റീജിയണല്‍ കമ്മറ്റിയില്‍ പ്രത്യേക ചുമതലകള്‍ ഇല്ലാതിരുന്നിട്ട് കൂടി റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍റെ സഹകരണം, കലാമേളയുടെ ഓഫീസ് നിര്‍വഹണത്തിലുള്‍പ്പെടെ പൂര്‍ണ്ണ പിന്തുണ നല്‍കിയ സൌത്തെന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്  ഷാജി വര്‍ഗീസിന്‍റെ സേവനങ്ങള്‍ തുടങ്ങിയവ സ്മരണീയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.  റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യുവിനും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു.

ea1 copy

തുടര്‍ന്ന്‍ യോഗത്തില്‍ സംസാരിച്ച നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തനം മറ്റെല്ലാ രീജിയനുകളും മാതൃകയാക്കേണ്ടതാണെന്ന് എടുത്തു പറഞ്ഞു. മറ്റെല്ലാ രീജിയനുകളും നഷ്ടത്തിന്‍റെ കണക്കുകള്‍ പറയുമ്പോള്‍ 700 പൗണ്ട് കലാമേളയില്‍ കൂടി റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിച്ച ഈസ്റ്റ് ആംഗ്ലിയ രീജിയനെ അദ്ദേഹം അഭിനന്ദിച്ചു.

ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയ രഞ്ജിത് കുമാറിന് ശാരീരികമായ അവശതകള്‍ മൂലം യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പ്രസിഡണ്ടിന്റെ ചുമതല വഹിക്കുവാന്‍ വൈസ് പ്രസിഡണ്ട് കൂടിയായ സണ്ണിമോന്‍ മത്തായിയെ യോഗം ഐക്യകണ്ഠേന ചുമതലപ്പെടുത്തി.

ea2

നിലവില്‍ ഒഴിഞ്ഞു കിടന്നിരുന്ന ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹണ്ടിംഗ്ടന്‍ മലയാളി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അംജെംസ് നെറ്റോയെ തെരഞ്ഞെടുത്തു. ചാരിറ്റി കോര്‍ഡിനേറ്റര്‍ ചുമതല വഹിച്ചിരുന്ന എബ്രഹാം ലൂക്കോസ് ദീര്‍ഘ കാലത്തേയ്ക്ക്  നാട്ടില്‍ പോകുന്നതിനാല്‍ ചുമതലയില്‍ നിന്ന്‍ ഒഴിവയതിനാല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ സോണി ജോര്‍ജ്ജിനെയും യോഗം തെരഞ്ഞെടുത്തു.

ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ എബ്രഹാം ലൂക്കോസ് സ്വാഗതവും, ഷാജി വര്‍ഗീസ്‌ കൃതജ്ഞതയും പറഞ്ഞു. വൈകുന്നേരം 06.00 മണിയോടെ യോഗനടപടികള്‍ പര്യവസാനിച്ചു.