യുക്മ ദേശീയ കലാമേള അരങ്ങേറാൻ ഒരു മാസം കൂടി….. പത്താമത് കലാമേള അവിസ്മരണീയമാക്കാൻ മാഞ്ചസ്റ്ററിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു…

യുക്മ ദേശീയ കലാമേള  അരങ്ങേറാൻ ഒരു മാസം കൂടി….. പത്താമത് കലാമേള അവിസ്മരണീയമാക്കാൻ മാഞ്ചസ്റ്ററിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു…
October 02 08:02 2019 Print This Article
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി വർഷത്തിലെ പത്താമത് യുക്മ ദേശീയ കലാമേളക്ക് അരങ്ങുണരാൻ ഇനി ഒരു മാസം കൂടി മാത്രം. യു കെയുടെ  വ്യവസായ നഗരമായ മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ പാർസ് വുഡ് ഹൈസ്ക്കൂൾ & സിക്സ്ത് ഫോറം കോളേജിലാണ് ദേശീയകലാമേള അരങ്ങേറുന്നത്.
 യുക്മയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ കലാമേളക്ക് മാഞ്ചസ്റ്റർ ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ കമ്മിറ്റി അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ സ്വന്തം റീജിയണിൽ  നടക്കുന്ന കലാമേളയ്ക്ക് റീജിയൺ പ്രസിഡന്റ് ജാക്സൺ തോമസ്, ദേശീയ നിർവാഹക സമിതിയംഗം കുര്യൻ ജോർജ്, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബിജു പീറ്റർ, എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയൺ കമ്മിറ്റി, അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
യുക്മ ദേശീയ കലാമേള നടക്കുന്ന പാർസ് വുഡ് സ്കൂളിൽ അഞ്ച് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം എഴുന്നൂറ് പേർക്ക് ഇരിപ്പിട സൗകര്യമുള്ള പ്രധാന ഹാളിലെ സ്റ്റേജിനൊപ്പം  മറ്റ്  നാല് സ്റ്റേജുകളിലും ഒരേ സമയം മത്സരങ്ങൾ നടക്കും. മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കാണികളും വിപുലമായ യുക്മ നേതൃനിരയും ഉൾപ്പെടെ അയ്യായിരത്തോളം പേർ കലാമേളയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള സ്ക്കൂളിൽ ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കലാമേള നഗറിൽ രാവിലെ  മുതൽ  ഭക്ഷണശാലകൾ  തുറന്ന്  പ്രവർത്തിക്കുന്നതാണ്.
ആതിഥേയരായ   യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ന് ബോൾട്ടണിൽ പൂർത്തിയായാൽ നാഷണൽ കമ്മിറ്റിക്കൊപ്പം റീജിയണൊന്നാകെ ദേശീയ കലാമേളയ്ക്കായി പൂർണ്ണതോതിൽ സജ്ജരാകും.
നവംബർ രണ്ടിന് സംഘടിപ്പിച്ചിരിക്കുന്ന പത്താമത് ദേശീയ കലാമേള ചരിത്രത്താളുകളിൽ ഇടം പിടിക്കാനും ഏറ്റവും ഭംഗിയുമാക്കാനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ  അറിയിച്ചു
 
ദേശീയ കലാമേള നടക്കുന്ന സ്കൂളിന്റെ വിലാസം :-
PARSS WOOD HIGH SCHOOL & 6th FORM,
WILMSLOW ROAD,
MANCHESTER,
M20 5PG.
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles