കുഞ്ഞന്മാരുടെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കയ്യാങ്കളി; ഫൈനൽ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടില്‍ തല്ലും ബഹളവും — വീഡിയോ

കുഞ്ഞന്മാരുടെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കയ്യാങ്കളി; ഫൈനൽ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടില്‍ തല്ലും ബഹളവും — വീഡിയോ
February 11 07:07 2020 Print This Article

ക്രിക്കറ്റ് ലോകത്ത് നാണംകെട്ട് നില്‍ക്കുകയാണ് ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍. സംഭവമെന്തന്നല്ലേ? ദക്ഷിണാഫ്രിക്കയിലെ പോച്ചെസ്ട്രൂമില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കയ്യാങ്കളിയിലാണ് ചെന്നവസാനിച്ചത്. കളി കഴിഞ്ഞതിന് പിന്നാലെ ഗ്രൗണ്ടില്‍ തല്ലും ബഹളവുമായിരുന്നു. മത്സരം ബംഗ്ലാദേശാണ് ജയിച്ചത്. ടീമിന്റെ ആദ്യ കന്നിക്കിരീടം. ഇന്ത്യ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമം പ്രകാരം ബംഗ്ലാദേശ് മൂന്നു വിക്കറ്റിന് ജയിച്ചു.

43 ആം ഓവറില്‍ ഇന്ത്യന്‍ പേസര്‍ സുഷാന്ത് മിശ്രയ്‌ക്കെതിരെ ഒരു റണ്‍സ് കുറിച്ചാണ് റാക്കിബുള്‍ ഹസന്‍ ചരിത്രം രചിച്ചത്. അപ്പോഴേക്കും ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി, വിജയമാഘോഷിക്കാന്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഒരു ഐസിസി കിരീടം ചൂടുന്നത്. ‘നാളിതുവരെ ചേട്ടന്‍മാരെ കൊണ്ട് കഴിയാഞ്ഞത് അനിയന്മാര്‍ ചെയ്തു’, ഈ ആവേശത്തിലായിരുന്നു സംഘം. എന്നാല്‍ ആഹ്‌ളാദപ്രകടനങ്ങള്‍ അതിരുകടന്നു.

ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ബംഗ്ലാദേശ് താരങ്ങളില്‍ ചിലര്‍ ആക്രോശം നടത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രതികരിച്ചു. കളിയാക്കല്‍ അതിരുകടന്നപ്പോള്‍ ന്ത്യന്‍ ടീമിലെ ഒരു യുവതാരം ബംഗ്ലാ താരത്തെ പിടിച്ചുതള്ളി. ഇതോടെ ഇരുപക്ഷത്തു നിന്നും കൂടുതല്‍ താരങ്ങള്‍ കയ്യാങ്കളിയില്‍ പങ്കുചേര്‍ന്നു. ഒരു മിനിറ്റോളം ഈ നാടകീയ രംഗങ്ങള്‍ ഗ്രൗണ്ടില്‍ തുടര്‍ന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഫീല്‍ഡ് അംപയര്‍മാരും ഇരു ടീമിലെയും മുതിര്‍ന്ന സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും ഇടപെട്ട് കുട്ടിപ്പടയെ ശാന്തരാക്കിയത്. പിന്നാലെ ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകന്‍ പരസ് മാംബ്രെ ടീമിനെയും കൂട്ടി ഡ്രസിങ് റൂമിലേക്ക് പോയി. എന്തായാലും സംഭവത്തില്‍ ഐസിസി ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് താരങ്ങള്‍ക്ക് എതിരെ കര്‍ശനമായ അച്ചടക്ക നടപടി ക്രിക്കറ്റ് കൗണ്‍സില്‍ സ്വീകരിക്കുമെന്ന് ഇന്ത്യയുടെ ടീം മാനേജര്‍ അനില്‍ പട്ടേല്‍ വ്യക്തമാക്കി. മാച്ച് റഫറി മത്സരത്തിന്റെ അവസാന മിനിറ്റുകള്‍ വിശകലനം ചെയ്യുകയാണ്. ഇതേസമയം, സംഭവത്തില്‍ തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി മത്സരശേഷം അറിയിച്ചു.

കാര്യങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചത് നിര്‍ഭാഗ്യകരമാണ്. സംഭവിക്കാന്‍ പാടുള്ളതല്ല നടന്നത്. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ക്രിക്കറ്റിന്റെ മാനം കളങ്കപ്പെടുത്തിയതില്‍ ടീമിന് വേണ്ടി താന്‍ ക്ഷമ ചോദിക്കുന്നതായി അക്ബര്‍ അലി പുരസ്‌കാര വിതരണ ചടങ്ങില്‍ പറഞ്ഞു.

അവിടെ നടന്നതെന്താണെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ ഫൈനലില്‍ കളിക്കാരില്‍ ആവേശം കയറുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആവേശം അതിരുകടന്നത് തെറ്റാണ്. ഏതു സന്ദര്‍ഭത്തിലും എതിരാളികളെ മാനിക്കാന്‍ ടീം ബാധ്യസ്തരാണ്, അക്ബര്‍ അലി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗും പ്രതികരിച്ചു. ബംഗ്ലാദേശ് താരങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തോല്‍വി അംഗീകരിച്ചാണ് ടീം പെരുമാറി. കളിയാകുമ്പോള്‍ ജയിക്കും, തോല്‍ക്കും. എന്നാല്‍ ബംഗ്ലാദേശ് താരങ്ങളുടെ മോശമായ പ്രതികരണമാണ് ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചതെന്ന് പ്രിയം ഗാര്‍ഗ് വ്യക്തമാക്കി. ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടക്കം മുതല്‍ക്കെ ആക്രമണോത്സുകമായാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെ ബംഗ്ലാ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഒടുവില്‍ 48 ആം ഓവറില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. 177 റണ്‍സ് മാത്രമേ ടീമിന് സ്‌കോര്‍ ചെയ്യാനായുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ്, നായകന്‍ അക്ബര്‍ അലിയുടെ മികവില്‍ അനായാസം വിജയം തീരം കണ്ടു. 77 പന്തില്‍ പുറത്താകാതെ അക്ബര്‍ അലി കുറിച്ച 43 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ നെടുംതൂണായത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും അക്ബര്‍ അലി തന്നെ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles