ഓസ്ട്രേലിയയിൽ കാട്ടുതീയിൽ നിന്നും ക്വാല മൃഗത്തെ രക്ഷിച്ച് യുവതി. സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞാണ് യുവതി ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്വാല എന്ന മൃഗത്തെ രക്ഷിച്ചത്. ഈ പ്രവര്‍ത്തിയിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് ടോണി എന്ന യുവതി.

കാട്ടുതീ കണ്ട് പേടിച്ച് പ്രാണരക്ഷാർ‌ത്ഥം മരത്തിനു മുകളിലേക്ക് ഓടിക്കയറുന്ന ക്വാലയെ കണ്ട് ഉടൻ തന്നെ താൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ച് യുവതി തീയിൽ നിന്നും രക്ഷിക്കുന്നത് വീഡിയോയിൽ കാണാം. തീയില്‍ നിന്ന് രക്ഷിച്ച ശേഷം കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് ക്വാലയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചുകൊടുക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട് ടോണി.

ദോഹമാസകലം പൊള്ളലേറ്റ ക്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ വലിയ കാട്ടുതീയാണിത്. ഏകദേശം 350 ക്വാലകള്‍ക്കാണ് ഇക്കൊല്ലത്തെ കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ക്വാലകള്‍ മാത്രമല്ല മറ്റ് വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായതാണ് സൂചന.