അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയാണ് സ്വര തന്റെ ബേബി ബംപിന്റെ ചിത്രം പങ്കുവച്ച് പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഗ്രഹീതയായി തോന്നുന്നുവെന്നാണ് സ്വര പറയുന്നത്. ‘ചിലപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരുമിച്ച് ഉത്തരം ലഭിക്കും. പുതിയൊരു ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും തോന്നുന്നു” എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ ബേബി എന്ന ഹാഷ്ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.

ജനുവരി 6ന് ആണ് സ്വര ഭാസ്‌ക്കറും ഫഹദ് അഹമദും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. പിന്നീട് ഹല്‍ദി, മെഹന്ദി, സംഗീത്, ഖവാലി നൈറ്റ്, റിസപ്ഷന്‍ തുടങ്ങിയ ആഘോങ്ങളുമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനാണ് ഫഹദ് അഹമദ്. 2019ല്‍ നടന്ന സിഎഎ സമരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. സിഎഎ സമരത്തില്‍ മാത്രമല്ല, കര്‍ഷക സമരത്തിലും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സ്വര പങ്കെടുത്തിരുന്നു.