നടിക്ക് നേരെ ആക്രമണം നടന്ന കേസില്‍ പ്രതിയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്‍റെ അനുജന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സൂരജിനും ഒപ്പം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണ് അമ്മ സബ് ജയില്‍ കവാടത്തില്‍ എത്തിയത്. ദിലീപ് ജയിലില്‍ ആയി ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മയുടെ ജയില്‍ സന്ദര്‍ശനം. സഹോദരന്‍ അനൂപ്‌ മാത്രമാണ് അമ്മയോടൊപ്പം ജയിലിനുള്ളില്‍ പ്രവേശിച്ചത്.

ദിലീപിന്‍റെ ജയില്‍വാസം ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മ മകനെ കാണാന്‍ എത്തിയത്. ഭാര്യ കാവ്യ മാധവനോടും മകള്‍ മീനാക്ഷിയോടും തന്നെ ജയിലില്‍ സന്ദര്‍ശിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.

അതെ സമയം രണ്ടു തവണ ജാമ്യ ഹര്‍ജി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമതും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ദിലീപിന്‍റെ അഭിഭാഷകര്‍. നേരത്തെ ദിലീപിന് വേണ്ടി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി പുതിയ ടീമിനെ കേസ് ഏല്‍പ്പിച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. രാമന്‍പിള്ള അസോസിയേറ്റ്സ് ആണ് ദിലീപിന് വേണ്ടി ഇപ്പോള്‍ കേസ് വാദിക്കുന്നത്. പ്രോസിക്യൂഷന്‍ നിലപാടുകള്‍ പലതും കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.