എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. സംസ്‌കാരം പിന്നീട്.

വസ്റ്റ്മിനിസ്റ്റര്‍ ഹാളിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെത്തിക്കുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും.

വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോര്‍ജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.