അറ്റ്ലാന്റ: വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് യാത്രതിരിച്ച നവദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു. തിരുവല്ല തലവടി സ്വദേശിനി ജെസ്നിക്ക് പരിക്കേറ്റു. അറ്റ്ലാന്റ സ്വദേശികളായ ഫിജി–ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസിലെ പൈലറ്റുമായ ഡേവ് ഫിജിയാണ് മരിച്ചത്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റും അപകടത്തിൽ മരിച്ചു. ഡേവിന്റെ കുടുംബവേരുകൾ മൂവാറ്റുപുഴയിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.
അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. അതേദിവസമായിരുന്നു ഡേവിന്റെയും ജെസ്നിയുടെയും വിവാഹം. വിവാഹച്ചടങ്ങുകൾക്ക് ശേഷം നവദമ്പതികൾ സഞ്ചരിച്ചിരുന്ന റോബിൻസൺ R66 ഹെലികോപ്റ്റർ ഡോസൺവില്ലയിലെ മൗണ്ട് വെർനൺ ഡ്രൈവിന് സമീപം തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡേവ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഡോസൺ കൗണ്ടി ഷെരീഫ് ഓഫിസും ഫയർ ആൻഡ് ഇഎംഎസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ജെസ്നി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു. ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളായ കുടുംബത്തെ തേടിയെത്തിയ ദുരന്തം അറ്റ്ലാന്റയിലെ മലയാളി സമൂഹത്തെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്.











Leave a Reply