ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ് എച്ച് വൃത വാഗ്ദാനം സ്വീകരിച്ചു . മെയ് 28 ന് ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് പള്ളിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനമദ്ധ്യേ നടന്ന ശുശ്രൂഷയിൽ ആണ് സിസ്റ്റർ ക്രിസ്റ്റി മരിയ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സഭാവസ്ത്ര സ്വീകരണവും ,വൃത വാഗ്ദാനവും നടത്തിയത് . നാട്ടിൽ എറണാകുളം സ്വദേശികളും വെസ്റ്റ് ലണ്ടനിലെ ടൂട്ടിങ് സ്വദേശികളുമായ വർഗീസ് എബ്രഹാം സലീന വർഗീസ് ദമ്പതികളുടെ ഇളയ പുത്രിയായ സിസ്റ്റർ ക്രിസ്റ്റി മരിയ കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസിയിൽ ബിരുദാന്ത ബിരുദം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ റോയൽ മാർസ് ടെൻ ആശുപത്രിയിൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു വരികെയാണ് ദൈവവിളി സ്വീകരിച്ച് തിരുഹൃദയ സന്യാസിനി സമൂഹത്തിൽ ചേർന്നത് .

1911 ൽ പുണ്യ ശ്ലോകനായധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാൽ സ്ഥാപിതമായ തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ് . 2019 മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ ജോലി ചെയ്യുന്ന തിരുഹൃദയ സന്യാസിനി സമൂഹത്തിന് ബ്രിട്ടനിൽ നിന്നുള്ള ആദ്യ സന്യാസിനി ആയി സിസ്റ്റർ ക്രിസ്റ്റി മരിയ മാറുമ്പോൾ ഈ കുറഞ്ഞ കാലയളവിൽ തന്നെ യോർക്കിൽ ഒരു സന്യാസിനികൾക്കായുള്ള പരിശീലന കേന്ദ്രവും , രണ്ട് കന്യാസ്ത്രീ മഠങ്ങളും ,സ്ഥാപിക്കുവാനും കഴിഞ്ഞു. നിലവിൽ മൂന്ന് പേർ ഈ പരിശീലന കേന്ദ്രത്തിൽ പരിശീലനവും നടത്തുന്നുണ്ട് .തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിൻസിൽ നിന്നുള്ള അഞ്ച് കന്യാസ്ത്രീകൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശശ്രൂഷ രംഗങ്ങളിൽ ഇപ്പോൾ സേവനം അനുഷ്ടിക്കുന്നുമുണ്ട് .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി റെവ ഫാ മൈക്കിൾ കോച്ചേരി അഭിഷിക്തനായി ഏറെ ദിവസങ്ങൾ കഴിയുന്നതിന് മുൻപേ രൂപതയിലേക്ക് ഒരു സന്യാസിനിയെയും ലഭിച്ചതിന്റെ സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ.














Leave a Reply