മനില: ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള 119 വിഷച്ചിലന്തികളെ പിടികൂടി. ശരീരത്തില്‍ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കല്‍ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്‌സലാണിതെന്ന് കസ്റ്റംസ് അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സംശയാസ്പദമായ തരത്തിലെ പാഴ്‌സല്‍ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുറന്നു നോക്കിയപ്പോഴാണ്‌ ചിലന്തികളെ കണ്ടെത്തിയത്. ഒരു ജോഡി ഷൂവിനുള്ളിലായിരുന്നു ചിലന്തികളെ സൂക്ഷിച്ചിരുന്നത്. പിടികൂടിയ ചിലന്തികളെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസോഴ്‌സസ് വൈല്‍ഡ്‌ലൈഫ് ട്രാഫിക് മോണിറ്ററിങ് യൂണിറ്റിന് അടുത്ത ദിവസം തന്നെ കൈമാറിയതായി അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

വലിപ്പമുള്ളതും രോമങ്ങളുള്ളതുമായ തരത്തിലുള്ളവയാണ് ടരാന്റുലസുകള്‍. അലങ്കാരത്തിനായി ഈ ചിലന്തികളെ വളര്‍ത്തുന്ന പതിവുണ്ട്. ഫിലിപ്പീന്‍സില്‍ വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിലുള്‍പ്പെട്ടവയാണ് ഈ ചിലന്തികള്‍. ഇവയുടെ വില്‍പന നടത്തുന്നത് കുറ്റകൃത്യമാണ്. പിഴയും ആറ് മാസത്തെ തടവും ഒന്നിച്ചോ അല്ലെങ്കില്‍ ഒരു വര്‍ഷം വരെ തടവോ ഈ കുറ്റകൃത്യത്തിന് ലഭിച്ചേക്കാം.

ചിലന്തികളടങ്ങിയ പാഴ്‌സലിന്റെ സ്വീകര്‍ത്താവിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഓട്ട് മീലിന്റെയും കുക്കിയുടെയും പാക്കറ്റുകളിലാക്കി കടത്തിയ 757 ചിലന്തികളെയും ചെറിയ പെട്ടികളിലാക്കിയ 87 ചിലന്തികളെയും കഴിഞ്ഞ കൊല്ലം കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. രണ്ടും പോളണ്ടില്‍ നിന്നായിരുന്നു എത്തിയത്.