കാനഡയിലും അമേരിക്കയിലും സംയുക്തമായി നടത്തിയ വൻ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്തു. ‘പ്രോജക്ട് ബേ’ എന്ന പേരിൽ നടന്ന അന്വേഷണത്തിനൊടുവിൽ ഏകദേശം 1.7 ടൺ മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ വിപണിവില ഏകദേശം 139 ദശലക്ഷം കാനഡിയൻ ഡോളറാണെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്.
അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് കാനഡ ബോർഡർ സർവീസസ് ഏജൻസിയും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസും അമേരിക്കൻ നിയമസംരക്ഷണ ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തിയത്. കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപിയം തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും നിരവധി വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.
അറസ്റ്റിലായവർക്കെതിരെ മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാനഡയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായാണ് ഈ കേസിനെ വിലയിരുത്തുന്നത്. രാജ്യാന്തര കുറ്റകൃത്യ ശൃംഖലകളെ തകർക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.











Leave a Reply