ഇടുക്കി: മൂന്നാറിൽ പൊതുശുചിമുറിയിൽ പ്രസവിച്ച യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. സൂര്യനെല്ലി സ്വദേശിനിയായ 19കാരിയാണ് നള്ളത്തണ്ണി ജംക്‌ഷനിലെ പൊതുശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം കുഞ്ഞിനെ ശുചിമുറിയിലെ കമോഡിൽ ഉപേക്ഷിച്ച് യുവതി സമീപത്തേക്ക് പോകുകയായിരുന്നു.

ശുചിമുറിയിലെത്തിയ മറ്റൊരു സ്ത്രീ രക്തത്തിൽ കുളിച്ച നിലയിൽ കമോഡിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ചേർന്ന് കുഞ്ഞിനെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ യുവതിയെ ചോദ്യം ചെയ്തപ്പോൾ പ്രസവവുമായി ബന്ധമില്ലെന്ന് ആദ്യം നിഷേധിച്ചെങ്കിലും വസ്ത്രത്തിലെ രക്തക്കറ സംശയത്തിനിടയാക്കി. തുടർന്ന് നാട്ടുകാർ ഇടപെട്ട് യുവതിയെയും ചികിത്സയ്ക്കായി മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവിവാഹിതയായ യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുണ്ടുമലയിൽ ബന്ധുവീട്ടിൽ പോയി കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.